projects
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പൊതുഗതാഗത മേഖലയില്‍ അഞ്ച് വമ്പന്‍ പദ്ധതികള്‍ക്കായി 34,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മൂന്ന് നഗരങ്ങളിലെ മെട്രോ പദ്ധതികള്‍ രണ്ട് വിമാനത്താവളങ്ങളുടെ വികസനം എന്നിവയുള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്കാണ് മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വികസന പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ബംഗളൂരു മെട്രോ റെയില്‍ പ്രൊജക്റ്റ്-മൂന്നാം ഘട്ടം, താനെ ഇന്റഗ്രല്‍ റിംഗ് മെട്രോ റെയില്‍ പ്രൊജക്റ്റ്, പൂനെ മെട്രോ ഒന്നാം ഘട്ടം എന്നീ മൂന്ന് മെട്രോ പദ്ധതികള്‍ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിന് പുറമേ പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലെ പുതിയ സിവില്‍ എന്‍ക്ലേവ്, ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലെ ബിഹ്തയില്‍ പുതിയ സിവില്‍ എന്‍ക്ലേവ് എന്നിവയ്ക്കും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ബംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ 31 സ്റ്റേഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ആളുകള്‍ക്ക് കൂടുതല്‍ സുഗമമായ യാത്രാനുഭവം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. 22 സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 29 കിലോമീറ്റര്‍ ദൂരത്തിലാണ് താനെ ഇന്റഗ്രല്‍ റിംഗ് മെട്രോ റയിലിന്റെ നിര്‍മാണം. റോഡുകളിലെ ഗതാഗത കുരുക്ക് ലഘൂകരിക്കുന്നതിനും ഒപ്പം പരിസ്ഥിതി സംരക്ഷണം സാദ്ധ്യമാക്കുന്നതും പദ്ധതിയുടെ നേട്ടമാണ്.

1549 കോടി രൂപ ചെലവിലാണ് ബംഗാളിലെ സിലിഗുരി ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പ്രൊപ്പോസല്‍ നല്‍കിയിരുന്നത്. എ321 വിമാനങ്ങള്‍ക്ക് അനുയോജ്യമായ 10 പാര്‍ക്കിംഗ് ബേകളും രണ്ട് ലിങ്ക് ടാക്സി വേകളും മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗും പദ്ധതിയില്‍ ഉള്‍പ്പെടും. ബിഹ്തയില്‍ 1413 കോടി രൂപ ചെലവിലാണ് പുതിയ സിവില്‍ എന്‍ക്ലേവ് വികസിപ്പിക്കാന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.