തിരുവനന്തപുരം: തലസ്ഥാനജില്ലയിലെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് കുഞ്ചത്തൂര്‍ വരെ 623 കിലോമീറ്റര്‍ തീരദേശ ഹൈവേ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ച് അഞ്ചുവര്‍ഷം പിന്നിട്ടപ്പോള്‍ പൂര്‍ത്തിയായത് 10.10 കിലോമീറ്റര്‍ റോഡും ഒരു കിലോമീറ്റര്‍ പാലവും മാത്രം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ തീരദേശ ഹൈവേ 2019 മാര്‍ച്ചിലാണ് നിര്‍മ്മാണം ആരംഭിച്ചത്.
മലപ്പുറം ജില്ലയില്‍ രണ്ടു റീച്ചുകളിലായി പടിഞ്ഞാറെക്കര മുതല്‍ ഉണ്ണിയാല്‍ വരെയുള്ള 6.25 കിലോമീറ്ററും മുഹിയുദ്ദീന്‍ പള്ളി മുതല്‍ കെടുങ്ങല്‍ വരെയുള്ള 3.85 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ ഒരു കിലോമീറ്റര്‍ വരുന്ന ഏലത്തൂര്‍ കോരപ്പുഴ പാലത്തിന്റെ നിര്‍മ്മാണവുമാണ് നിലവില്‍ പൂര്‍ത്തിയായത്. മലബാര്‍ മേഖലയിലെയും ഏറണാകുളം ജില്ലയിലെയും ചില റീച്ചുകളില്‍ മാത്രമാണ് ഇപ്പോള്‍ നിര്‍മ്മാണം നാമമാത്രമായെങ്കിലും നടക്കുന്നത്. മറ്റിടങ്ങളില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതേയുള്ളൂ.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം. തീരദേശത്തെ അനധികൃത കൈയേറ്റവും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതാണ് നിര്‍മ്മാണം വൈകാനുള്ള പ്രധാന കാരണം. എം.എല്‍.എമാരെ ഉള്‍പ്പെടുത്തി സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ ചില പ്രദേശങ്ങളില്‍ മാത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയെ എതിര്‍ക്കുന്നതും പ്രദേശികമായ എതിര്‍പ്പിന് ശക്തി കൂട്ടിയിട്ടുണ്ട്.
2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാരും കിഫ്ബിയും പ്രഖ്യാപിച്ചിരുന്നത്. പുതിയ ലക്ഷ്യം 2026 ആണ്. കേരള റോഡ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് & ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനുമാണ് നിര്‍വഹണ ചുമതല.
സ്ഥലമേറ്റെടുക്കല്‍ പാക്കേജ്
സ്ഥലം ഏറ്റെടുക്കലിനു വേഗം പകരുന്നതിനായി രണ്ടു പാക്കേജുകളാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ചിച്ചത്. ഉടമസ്ഥാവകാശ രേഖകള്‍ ഉള്ളവര്‍ കാറ്റഗറി ഒന്നിലും അല്ലാത്തവരെ കാറ്റഗറി രണ്ടിലും ഉള്‍പ്പെടുത്തി.
കാറ്റഗറി ഒന്നിലുള്ളവര്‍ സ്ഥലം വിട്ടുനല്‍കുമ്പോള്‍ 2013 ലെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരം നിശ്ചയിക്കുന്ന സ്ഥലവില നല്‍കും. കാറ്റഗറി രണ്ടിലുള്ളവര്‍ക്ക് അത്രത്തോളം വില കിട്ടില്ല. രണ്ടു കാറ്റഗറിയിലും പെട്ട പുനരധിവസിപ്പിക്കപ്പെടേണ്ട കുടുംബങ്ങള്‍ക്ക് 600 ചതുരശ്ര അടി ഫ്‌ളാറ്റ് അല്ലെങ്കില്‍ 13 ലക്ഷം രൂപയുടെ ഒറ്റത്തവണ നഷ്ടപരിഹാരം നല്‍കും.
പദ്ധതി നടപ്പിലായാല്‍
1.തീരമേഖലയുടെ തൊഴിലും ജീവിത നിലവാരവും ഉയരും.
2. മത്സ്യബന്ധന വിപണനം ശക്തമാകും.
3. ഉപഭോക്താക്കള്‍ക്ക് സുഗമമായി ഹാര്‍ബറുകളിലേക്ക് എത്താന്‍ കഴിയും
4. ബീച്ച് ടൂറിസ്റ്ര് കേന്ദ്രങ്ങള്‍ വികസിക്കും.
നിര്‍മ്മാണ ചെലവ് 6,500 കോടി
14 മീറ്ററര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന റോഡില്‍ സൈക്കിള്‍ ട്രാക്കുകളും ഉണ്ടാകും
നിശ്ചിത ദൂരത്തില്‍ പാര്‍ക്കിംഗ് ബേ, ബസ് ബേ, ട്രക്ക് ബേകള്‍, വിനോദകേന്ദ്രങ്ങള്‍ തുടങ്ങിയവ
ഒരോ 12 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഇ- ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍