കാലിഫോർണിയ: യു.എസിലെ തെക്കൻ കാലിഫോർണിയ തീരത്ത് കടലിൽ പ്രത്യക്ഷപ്പെട്ട് ഓർ മത്സ്യം. സാൻ ഡിയാഗോയിലെ ലാ ജോല കോവിന് സമീപം കടലിൽ ഒഴുകി നടന്ന ജീവനറ്റ ഓർ മത്സ്യത്തെ കയാക്കിംഗിന് എത്തിയവരാണ് കണ്ടെത്തിയത്.
125 വർഷത്തിനിടെ ഇത് 20ാം തവണയാണ് കാലിഫോർണിയ തീരത്ത് ഓർ മത്സ്യം പ്രത്യക്ഷപ്പെടുന്നത്. വരാൻ പോകുന്ന ദുരന്തത്തിന്റെ സൂചനയായിട്ടാണ് സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന ഓർ മത്സ്യങ്ങൾ പുറത്തെത്തുന്നതിനെ വിശ്വസിക്കപ്പെടുന്നത്.
ദുരന്തങ്ങളെ മുൻകൂട്ടി കാണാനാകുമെന്ന് വിശ്വസിക്കപ്പെടുന്ന ആഴക്കടലിൽ ജീവിക്കുന്ന മത്സ്യങ്ങളാണ് ഓർ. ഇവ ജീവനോടെയോ അല്ലാതെയോ കരയ്ക്കടിഞ്ഞാൽ ദുരന്തം സംഭവിക്കുമെന്നാണ് ജപ്പാൻ അടക്കമുള്ള ചില ഏഷ്യൻ രാജ്യങ്ങളിലെ വിശ്വാസം.
2011ൽ ജപ്പാനിലെ ഫുകുഷിമയിൽ നാശം വിതച്ച സുനാമിക്കും ഭൂകമ്പത്തിനും മുമ്പ് ഓർ മത്സ്യങ്ങൾ തീരത്ത് അടിഞ്ഞിരുന്നു.കടലിൽ 3,300 അടി താഴ്ചയിലാണ് ഓർ മത്സ്യങ്ങൾ ജീവിക്കുന്നത്. പാമ്പിനോടു സാദൃശ്യമുള്ള കൂറ്റൻ ഓർ മത്സ്യങ്ങൾക്ക് 20 അടിയിലേറെ നീളം വയ്ക്കാറുണ്ട്. കടലിനടിയിൽ സീസ്മിക് പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞാണ് ഇവ കടലിന് മുകളിലേക്ക് വരുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. എന്നാൽ ഇതിന് ഇതുവരെ ശാസ്ത്രീയ വിശദീകരണങ്ങളൊന്നും ലഭ്യമല്ല.