pic

വാഷിംഗ്ടൺ : ഭീമൻ ദിനോസറുകൾ ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച ഒരു കൂറ്റൻ ഛിന്നഗ്രഹ പതനത്തിലൂടെയാണ് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടത്. ഈ ഛിന്നഗ്രഹ പതനം ഭൂമിയിലെ 75 ശതമാനത്തോളം ജീവജാലങ്ങളുടെ നാശത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്. മെക്സിക്കോയിൽ യുകാറ്റൻ ഉപദ്വീപിന് സമീപം ചിക്സുലൂബിലാണ് ആ ഛിന്നഗ്രഹം പതിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം.

ഛിന്നഗ്രഹമല്ല,​ വാൽ നക്ഷത്രമാണ് പതിച്ചതെന്നും വാദം നിൽക്കുന്നുണ്ട്. എന്നാൽ,​ ഛിന്നഗ്രഹം തന്നെയാണ് പതിച്ചതെന്നും വ്യാഴത്തിന്റെ ഭ്രമണപഥത്തിനപ്പുറമാണ് അത് രൂപപ്പെട്ടതെന്നുമാണ് അടുത്തിടെ പുറത്തുവിട്ട ഒരു പഠന റിപ്പോർട്ടിൽ ഗവേഷകർ പറയുന്നത്.

മെക്സിക്കോയിൽ നിന്ന് ശേഖരിച്ച പുരാതന പാറകളുടെ സാമ്പിളുകളിൽ നടത്തിയ പരിശോധനയിലൂടെയാണ് ഛിന്നഗ്രഹം വ്യാഴത്തിന് അപ്പുറത്ത് നിന്ന് എത്തിയതാണെന്ന നിഗമനത്തിലേക്ക് ശാസ്ത്രജ്ഞർ എത്തിയത്. ഛിന്നഗ്രഹ പതനം ഭൂമിയിൽ ഭീമൻ ഭൂകമ്പത്തിനും കാരണമായതായി പഠനം ശരിവയ്ക്കുന്നു.

ഏകദേശം 10 കിലോമീറ്റർ വ്യാസമുണ്ടായിരുന്നെന്ന് കരുതുന്ന ഛിന്നഗ്രഹം ഭൂമിയെ ആഴ്ചകൾ മുതൽ മാസങ്ങൾ വരെ വിറപ്പിച്ച ഒരു അതിഭീകരൻ ഭൂകമ്പത്തിനും കാരണമായെന്ന് മുമ്പും ഗവേഷകർ പറഞ്ഞിരുന്നു. ഈ മെഗാ ഭൂകമ്പത്തിലൂടെ ഏകദേശം 1023 ജൂൾ ഊർജമാണ് പുറന്തള്ളപ്പെട്ടത്. അതായത്, 2004ൽ ഇൻഡോനേഷ്യയിലെ സുമാത്രയിലുണ്ടായ റിക്ടർ സ്കെയിലിൽ 9.1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിന്നുണ്ടായതിനേക്കാൾ 50,000 ഇരട്ടി.!

ഭൂകമ്പത്തിന്റെ ഫലമായി കൂറ്റൻ സുനാമിത്തിരകളും ഭൂമിയിൽ അങ്ങോളമിങ്ങോളം ആഞ്ഞടിച്ചിരുന്നു. ഇന്നത്തെ സുനാമികളേക്കാൾ ആയിരം മടങ്ങ് ശക്തമായിരുന്നു അത്. ഗൾഫ് ഒഫ് മെക്സിക്കോയിൽ നിന്ന് തുടങ്ങിയ സുനാമി ന്യൂസിലൻഡ് വരെയെത്തി. തുടരെ അഗ്നിപർവത സ്ഫോടനങ്ങളുമുണ്ടായെന്നും പറയപ്പെടുന്നു.