ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ലണ്ടനിലെ ഹീത്രൂവിലെ റാഡിസൺ റെഡ് ഹോട്ടലിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്. അജ്ഞാതനായ ഒരാൾ ക്യാബിൻ ക്രൂവായ യുവതിയുടെ മുറിയിൽ അതിക്രമിച്ച് കടന്നശേഷം ആക്രമിക്കുകയായിരുന്നു.
എയർ ഇന്ത്യയുടെ മറ്റ് ഉദ്യോഗസ്ഥരും ഈ റൂമിന് അടുത്ത റൂമുകളിൽ താമസിച്ചിരുന്നു. നിലവിളി കേട്ട് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകരാണ് യുവതിയെ രക്ഷിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഹോട്ടൽ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
പുലർച്ചെ 1.30നാണ് മുറിയിൽ പ്രതി കടന്നത്. ഈ സമയം യുവതി ഉറങ്ങുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവതിയെ ഹാങ്ങർ ഉപയോഗിച്ച് അടിച്ചശേഷം തറയിൽ വലിച്ചിഴയ്ക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. എയർ ഇന്ത്യയും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ യുവതിയ്ക്ക് ചികിത്സ നൽകിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു. യുവതിയെ കൗൺസിലിംഗ് സെഷനുകൾക്ക് വിധേയയാക്കിയതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്ക് കൂടുതൽ പരിഗണന നൽകുമെന്നും എയർ ഇന്ത്യ കമ്പനി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ ലണ്ടൻ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ ഹോട്ടലിന് എതിരെ ഇതിന് മുൻപും ഇത്തരത്തിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.