ദുബായ്: യു എ ഇയിൽ താമസിക്കുന്ന ഒട്ടുമിക്ക പ്രവാസികൾക്കും ബിസിനസ് അല്ലെങ്കിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഒരുപാട് യാത്ര ചെയ്യേണ്ടി വരാറുണ്ട്. ചിലപ്പോൾ രാവിലെ പോയി രാത്രി തിരിച്ചെത്താൻ കഴിയും. എന്നാൽ മറ്റ് ചില സാഹചര്യങ്ങൾ ചിലപ്പോൾ കുറച്ചുദിവസം താമസസ്ഥലത്ത് നിന്ന് മാറി നിൽക്കേണ്ടി വന്നേക്കാം. വളർത്തുമൃഗങ്ങൾ വീട്ടിലുള്ളവർക്കാണ് ഇത്തരം യാത്രകൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ഇനി അരുമമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാമെന്ന് തീരുമാനിച്ചാൽ തന്നെ അവിടെയുമുണ്ട് ചില ബുദ്ധിമുട്ടുകൾ. ആവശ്യമായ രേഖകൾ നേടാൻ ബുദ്ധിമുട്ടേണ്ടിവരും. മാത്രമല്ല പല ഹോട്ടലുകളിലും അരുമ മൃഗങ്ങളെ അനുവദിക്കണമെന്നുമില്ല. അതിനാൽത്തന്നെ ഗത്യന്തരമില്ലാതെ പലരും അവരുടെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുകയാണ് ചെയ്യാറ്.
എന്നാൽ ഇനി പേടിക്കേണ്ട. അവധിയാഘോഷിക്കാനോ ബിസിനസ് ട്രിപ്പോ പോകുമ്പോൾ നിങ്ങളുടെ വളർത്തുമൃഗങ്ങൾ നന്നായി പരിപാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അതിന് ചില വഴികൾ ഉണ്ട്.
പെറ്റ് ഹോട്ടൽ സർവീസ്
നിങ്ങൾ യാത്ര പോകുമ്പോൾ വളർത്തുമൃഗങ്ങളെ പെറ്റ് ഹോട്ടലിൽ ഏൽപിക്കുന്നത് നല്ലൊരു വഴിയാണ്. അരുമകളെ ഓർത്ത് ടെൻഷനടിച്ച് യാത്ര കുളമാക്കേണ്ടി വരില്ല. കാരണം നിങ്ങളുടെ അരുമകൾ ഹോട്ടലിലെ ജീവനക്കാരുടെ അടുത്ത് സുരക്ഷിതരായിരിക്കും. ചില പെറ്റ് ഹോട്ടലുകൾ സ്പെഷ്യലൈസ്ഡ് പ്രോഗ്രാമുകൾ, റെഗുലർ ഫീഡിംഗ് ഷെഡ്യൂളുകൾ, പ്ലേടൈം, കൂടാതെ ഗ്രൂമിംഗ് സേവനങ്ങൾ എന്നിവയും വളർത്തു മൃഗങ്ങൾക്ക് നൽകുന്നു. അതായത് നിങ്ങളെപ്പോലെ തന്നെ വളർത്തുമൃഗങ്ങൾക്കും അവരുടേതായ രീതിയിൽ അവധിക്കാലം ആഘോഷിക്കാമെന്ന് ചുരുക്കം.
ഗൂഗിൾ ചെയ്തുനോക്കിയാൽ നിങ്ങളുടെ പ്രദേശത്തിന് സമീപമുള്ള പെറ്റ് ഹോട്ടലുകൾ നിങ്ങൾക്ക് കണ്ടെത്താം. ബഡ്ജറ്റിനും വളർത്തുമൃഗങ്ങളുടെ ആവശ്യങ്ങൾക്കും അനുയോജ്യമായ പെറ്റ് ഹോട്ടൽ ഏതെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. തുടർന്ന് അവയെ അവിടെ കൊണ്ടുവിട്ട് മനസമാധാനമായിട്ട് പോയി വരാം.
ഓൺലൈൻ കമ്മ്യൂണിറ്റികൾ
പെറ്റ് ഹോട്ടലുകൾ ഓൺലൈനിൽ തിരയുന്നത് എളുപ്പമാണ്. എന്നിരുന്നാലും പെറ്റ്സുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ കമ്മ്യൂണിറ്റിയിൽ അംഗമായാൽ ഏത് പെറ്റ് ഹോട്ടലുകളാണ് നല്ല സേവനം നൽകുന്നതെന്നടക്കമുള്ള ഒരുപാട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.
ഉദാഹരണത്തിന്, നിങ്ങളുടെ പ്രദേശത്ത് വളർത്തുമൃഗ സംരക്ഷണത്തിനായി ഉണ്ടാക്കിയിരിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകൾ നിങ്ങൾക്ക് കണ്ടെത്താനാകും. നിങ്ങൾ ദുബായിലാണ് താമസിക്കുന്നതെങ്കിൽ, 'ഫ്രീ പെറ്റ് സിറ്റിംഗ് ആൻഡ് ടെമ്പററി ഫോസ്റ്ററിംഗ് ദുബായ് യു എ ഇ ഗ്രൂപ്പിൽ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ചേരാം. ഈ ഗ്രൂപ്പിൽ ആയിരത്തിലധികം അംഗങ്ങളുണ്ട്. 'ഫ്രീ പെറ്റ് സിറ്റിംഗ് ആൻഡ് ടെമ്പററി ഫോസ്റ്ററിംഗ് അബുദാബി യു എ ഇ ഗ്രൂപ്പിൽ രണ്ടായിരത്തിലധികം അംഗങ്ങളുമുണ്ട്.
അതേസമയം, നിങ്ങൾക്ക് ഒരു നായ ഉണ്ടെങ്കിൽ, 27,700 അംഗങ്ങളുള്ള 'ഡോഗ് ലവേഴ്സ് ഇൻ യുഎഇ' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാകാം. ഇത്തരം കമ്മ്യൂണിറ്റികളിലെ അംഗങ്ങൾ വളർത്തുമൃഗങ്ങളുടെ സുരക്ഷയ്ക്കായി നിങ്ങളുടെ വീട് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചുള്ള ടിപ്സുകൾ, അവയുടെ സുരക്ഷയ്ക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതെന്നതിനെക്കുറിച്ചുള്ള ഉപദേശം, എന്തൊക്കെ ഭക്ഷണങ്ങൾ അവയ്ക്ക് നൽകണം, നൽകിക്കൂട എന്നൊക്കെയുള്ള ടിപ്സുകൾ ഇത്തരം ഗ്രൂപ്പുകൾ വഴി നിങ്ങൾക്ക് ലഭിക്കും.
സുഹൃത്തിനോട് ചോദിക്കാം
നിങ്ങൾ യാത്ര ചെയ്യുന്ന സമയത്ത് നിങ്ങളുടെ വളർത്തുമൃഗത്തെ പരിപാലിക്കാൻ സുഹൃത്തിനോട് ആവശ്യപ്പെടാം. ഒരു കാര്യം ശ്രദ്ധിക്കാം അയാൾ വളർത്തുമൃഗങ്ങളെ ഇഷ്ടമുള്ളയാളായിരിക്കണം അങ്ങനെ വരുമ്പോൾ അപരിചിതരെ ഏൽപിച്ച് പോയെന്ന ടെൻഷനും കുറയ്ക്കാം. മാത്രമല്ല പരിചയമുള്ളയാളാകുമ്പോൾ നിങ്ങളുടെ അരുമ മൃഗം കൂടുതൽ കംഫർട്ടുമായിരിക്കും. ഇത് ചെലവ് കുറഞ്ഞ ഓപ്ഷൻ മാത്രമല്ല, നിങ്ങളുടെ വളർത്തുമൃഗത്തിന്റെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാനുള്ള മികച്ച മാർഗം കൂടിയാണ്.