മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത സിനിമയാണ് 1996ൽ റിലീസ് ചെയ്ത 'അഴകിയ രാവണൻ'. മമ്മൂട്ടിയും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച സിനിമയിലെ ഗാനങ്ങളും വളരെ ഏറെ ഹിറ്റായിരുന്നു. ഇന്നും മലയാളികൾ പാടി നടക്കുന്ന അതിലെ ഗാനമാണ് 'വെണ്ണിലാ ചന്ദനക്കിണ്ണം'. വിദ്യാസാഗർ സംഗീത സംവിധാനം ചെയ്ത സിനിമയിൽ കെെതപ്രം ദാമോദരൻ നമ്പൂതിരിയാണ് 'വെണ്ണിലാ ചന്ദനക്കിണ്ണം' എന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ ആ ഗാനം വന്ന വഴി കൗമുദി മൂവീസിനോട് പറയുകയാണ് സംവിധായകൻ കമൽ.
' കെെതപ്രം ആദ്യം ഗാനം എഴുതാൻ ഇരിന്നിട്ട് അത് ശരിയായില്ലെന്നാണ് പറഞ്ഞത്. പിന്നെ ഒരു ദിവസം രാത്രി രണ്ട് മണിക്ക് എന്നോട് റൂമിലേക്ക് വരാൻ പറഞ്ഞു. ഞാൻ പലതും എഴുതി പക്ഷേ ശരിയാകുന്നില്ലെന്ന് പറഞ്ഞ് ഒരു ഫയർ കെെതപ്രം എന്റെ കെെയിൽ തന്നു. രണ്ട് വരികൾ ഉള്ള കുറച്ച് ഗാനങ്ങൾ. ഞാൻ അത് നോക്കിയിട്ട് എനിക്കും തൃപ്തി വന്നില്ല.
ഞാൻ നോക്കിയപ്പോൾ താഴെ ചില കടലാസ് പേപ്പർ ചുരുട്ടി വലിച്ചെറിഞ്ഞിരിക്കുന്നു. അത് എന്താണെന്ന് ചോദിച്ചപ്പോൾ കെെതപ്രം പറഞ്ഞു അത് ഞാൻ എഴുതി കളഞ്ഞതാണെന്ന്. ഞാൻ അത് തുറന്നു നോക്കാൻ തുടങ്ങി. ഓരോ കടലാസ് എടുത്ത് വായിച്ച ശേഷം കളയാൻ തുടങ്ങി. അതിലെ ഒരു കടലാസിലാണ് ഞാൻ ആ വരികൾ ആദ്യം കാണുന്നത്.
'വെണ്ണിലാ ചന്ദനക്കിണ്ണം, പുന്നമടക്കായലിൽ വീണേ' എന്ന് ആ പേപ്പറിൽ എഴുതിയിരുന്നു. ഈ വരികൾ കൊള്ളാമെന്ന് ഞാൻ പറഞ്ഞു. തുടർന്ന് അദ്ദേഹം അത് എടുത്ത് വീണ്ടും എഴുതാൻ തുടങ്ങി. പിറ്റേന്ന് ഈ വരികൾ വിദ്യാസാഗറിനെ കാണിച്ചു. അദ്ദേഹം പാടി. അങ്ങനെയാണ് ആ പാട്ട് ഉണ്ടാകുന്നത്',- കമൽ വ്യക്തമാക്കി.