d

മസ്റ്റെല്ല: പോളിഷ് സൂപ്പർ സ്ട്രൈക്കർ റോബർ‌ട്ട് ലെവൻഡോവ്‌സ്‌കിയുടെ മികവിൽ സ്പാനിഷ് ലാലിഗയിലെ സീസണിലെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങി ബാഴ്‌സലോണ. ലെവൻഡോ‌വ്‌സികിയുടെ ഇരട്ടഗോളുകളുടെ മികവിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്‌സ 2-1ന് വലൻസിയയെ കീഴടക്കി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോളുകൾ തരിച്ചടിച്ച് ബാഴ്സയുടെ ജയം. ഈ സീസണിൽ ബാഴ്‌സയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഹാൻസി ഫ്ലിക്കിന് ലീഗിൽ വിജയത്തോടെ തുടങ്ങാനായി എന്നതും നേട്ടമായി.

44-ാംമിനിട്ടിൽ ഹ്യൂഗോ ലൂറോയിലൂടെ വലൻസിയയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ തൊട്ടുപിന്നാലെ ഒന്നാം പകുതിയുടെ അധികസമയത്ത് ലമിൻ യമാലിന്റെ പാസിൽ നിന്ന് ലെവൻഡോവ്സ്കി ബാഴ്സയുടെ സമനില ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റി ഗോളാക്കി ( 49-ാം മിനിട്ട്) ലെവൻഡോവ്‌സ്കി ബാഴ്സയുടെ വിജയമുറപ്പിക്കുകയായിരുന്നു. ലോംഗ്‌വിസിലിന് തൊട്ടുമുൻപ് ബാഴ്സ‌യ്ക്ക് ലീഡുയർത്താനുള്ള അവസരം ലഭിച്ചെങ്കിലും മാർകോ കസാഡോയ്ക്ക് ലക്ഷ്യം കാണാനായില്ല.മറ്റ് മത്സരങ്ങളിൽ ഒസാസുനയും ലെഗാനസും 1-1നും ലാസ് പൽമാസും സെവിയ്യയും 2-2നും സമനിലയിൽ പിരിഞ്ഞു.