ന്യൂഡൽഹി: ഒരു പക്ഷേ ഗുസ്തിയിലേക്ക് മടങ്ങാൻ സാധിച്ചേക്കുമെന്നും പോരാട്ടങ്ങൾ തുടരുമെന്നും വിനേഷ് ഫോഗാട്ട്. പന്ത്രണ്ട് മണിക്കൂറുകളോളം നീണ്ട സ്വീകരണ യാത്രയ്ക്കൊടുവിൽ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെ ഹരിയാനയിലെ ചർഖി ദാദ്രിയിലെ സ്വന്തം ഗ്രാമത്തിൽ എത്തിയ വിനേഷ് അവിടെ നാട്ടുകാർ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാത്രി ഏറെ വൈകിയിട്ടും നിരവധിയാളുകൾ വിനേഷിനെ സ്വീകരിക്കാൻ തടിച്ചുകൂടി.
ഒളിമ്പിക്സ്് മെഡൽ നഷ്ടമായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവാണ്. ഈ വേദനമാറാൻ എത്രസമയമെടുക്കുമെന്ന് അറിയില്ല.എന്നാൽ സഹതാരങ്ങളും കുടുംബവും നാട്ടുകാരും നൽകിയ സ്നേഹവും പിന്തുണയും ഈ മുറിവ് ഉണക്കാനുള്ള ധൈര്യം എനിക്ക് നൽകും. ഒരു പക്ഷേ എനിക്ക് ഗുസ്തിയിലേക്ക് മടങ്ങിവരാനായേക്കും. ഞാൻ വീണ്ടും ഗുസ്തി തുടങ്ങുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. എന്നാൽ എന്റെ രാജ്യത്ത് വന്നിറങ്ങിയപ്പോൾ മുതൽ കിട്ടിയ ഈ ധൈര്യം ശരിയായ ദിശയിൽ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു.പോരാട്ടം അവസാനിച്ചിട്ടില്ല. തുടരുക തന്നെ ചെയ്യും.- വിനേഷ് പറഞ്ഞു.
വികാരമായി വിനേഷ്
ഡൽഹി വിമാനത്താവളത്തിൽ നിന്ന് ചാർഖി ദാദ്രിയിലെ വിനേഷിന്റെ ഗ്രാമമായ ബലാലിയിലേക്ക് മൂന്ന് മണിക്കൂറിൽ എത്താനാകും. എന്നാൽ ശനിയാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ വിനേഷ് തന്റെ ഗ്രാമത്തിലെത്താൻ 12 മണിക്കൂറിലധികം സമയമാണ് എടുത്തത്. വഴിയിൽ കാത്തുനിന്നും വാഹനങ്ങളിൽ പിന്തുടർന്നു ജനം വിനേഷിനെ അഭിവാദ്യം ചെയ്തു. ഇരുപതോളം സ്വീകരണ യോഗങ്ങളിലാണ് യാത്രയ്ക്കിടെ വിനേഷ് പങ്കെടുത്തത്.ഗ്രാമത്തിലെത്തിയപ്പോഴും വൻജനക്കൂട്ടം വിനേഷിനെ സ്വീകരികാൻ പാതിരാത്രിയിലുമെത്തി. നാട്ടുകാർ വിനേഷിന് സ്നേഹ സമ്മാനമായി സ്വർണ മെഡൽ അണിയിച്ചു. 750 കിലോ ലഡ്ഡുവും സമ്മാനമായി നൽകിയെന്നാണ് റിപ്പോർട്ട്. ഏറെ ക്ഷീണിച്ച വിനേഷിന് നാട്ടിൽ നൽകിയ സ്വീകരണത്തിനിടെ ഒ.ആർ.എസ് ലായിനി നൽകുന്നുണ്ടായിരുന്നു.