അകാല നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ഇത് നമ്മുടെ കോൺഫിഡൻസിനെ വരെ ബാധിക്കാറുണ്ട്. അതിനാൽത്തന്നെ മുടി കറുപ്പിക്കുകയാണ് പലരും ചെയ്യുന്നത്. മിക്കവരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈ ആണ് ഉപയോഗിക്കുന്നത്. എന്നാൽ കുറച്ചൊന്ന് ബുദ്ധിമുട്ടാൻ തയ്യാറാണെങ്കിൽ നാച്വറൽ ഹെയർ ഡൈ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും. ഇതിന് ഹെന്ന, നീലയമരി, വെള്ളം എന്നിവ മാത്രമേ ആവശ്യമുള്ളൂ.
തയ്യാറാക്കേണ്ട വിധം
അരക്കപ്പ് ഹെന്നയിലേക്ക് കാൽക്കപ്പ് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. പേസ്റ്റ് രൂപത്തിലാണ് വേണ്ടത്. ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളം ചേർത്തുകൊടുക്കാം. ഇനി ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഒഴിച്ച് പന്ത്രണ്ട് മണിക്കൂർ അടച്ചുവയ്ക്കാം. ശേഷം നരയിൽ തേച്ചുകൊടുക്കുക. രണ്ട് മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഹെന്ന നെറ്റിയിലൊന്നും പറ്റാതെ നോക്കണം.
ശേഷം രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞ് നീലയമരിയിൽ വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. പത്ത് മിനിട്ടിന് ശേഷം ഇത് തലയിൽ പുരട്ടിക്കൊടുക്കാം. ഒരു മണിക്കൂറിന് ശേഷം താളി ഉപയോഗിച്ച് കഴുകിക്കളയാം. നര അപ്രത്യക്ഷമായത് കാണാം.
മുടി ഡൈ ചെയ്ത് കുറച്ച് ദിനം കഴിയുമ്പോഴേക്ക് തന്നെ നരയൊക്കെ വീണ്ടും തെളിഞ്ഞുവരുന്നത് കാണാം. ചില കാര്യങ്ങൾ ചെയ്താൽ നാച്വറൽ ഹെയർ ഡൈ കൂടുതൽ കാലം മുടിയിൽ നിൽക്കും. ഹെയർ ഡ്രയറുകൾ, സ്‌ട്രെയിറ്റനിംഗ് അയേണുകൾ, കേളിംഗ് അയേണുകൾ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചൂടുവെള്ളത്തിൽ തല കഴുകാതിരിക്കുക. കഴിവതും ക്ലോറിൻ വാട്ടറിലുള്ള കുളി ഒഴിവാക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തല കഴുകുന്നതാകും നല്ലത്.