കോഴിക്കോട്: 'കാഫിർ' സന്ദേശ സ്ക്രീൻഷോട്ട് നിർമിച്ചത് ഡിവെെഎഫ്ഐ വടക്കര ബ്ലോക്ക് പ്രസിഡന്റ് ആർ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവെെഎഫ്ഐ വടക്കര ബ്ലോക്ക് കമ്മിറ്റി. ഡിവെെഎഫ്ഐ വടക്കര ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വ്യാജ സ്ക്രീൻ ഷോട്ട് അയച്ച സിപിഎം പക്ഷമെന്ന് പ്രചരിപ്പിക്കുന്ന 'റെഡ് എൻകൗണ്ടർ' ഗ്രൂപ്പിന്റെ അഡ്മിനാണ് റിബേഷ്. ഇയാളുടെ പോസ്റ്റാണ് മുൻ എംഎൽഎ കെ. കെ ലതിക പങ്കുവച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. റിബേഷിന്റെ മൊഴിയെടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെനിന്നാണെന്ന് പറയാൻ തയ്യാറായില്ല. പോസ്റ്റ് സൃഷ്ടിച്ചത് റിബേഷ് ആണോ അതോ ഡൗൺലോഡ് ചെയ്തതാണോ എന്നറിയാൻ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ഈ റിപ്പോർട്ടിന് പിന്നാലെ റിബേഷിനെതിരെയും ഡിവെെഎഫ്ഐക്കെതിരെയും വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇനാം പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തിൽ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമർശമാണ് ഇതിലുണ്ടായിരുന്നത്.
ഈ സന്ദേശം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചു. പിന്നാലെ ഇത് വ്യാജമായി നിർമ്മിച്ച സ്ക്രീൻഷോട്ടാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് കാസിമും എംഎസ്എഫും പരാതി നൽകിയിരുന്നു. സിപിഎമ്മാണ് ഇതിന് പിന്നിലെന്നായിരുന്നു ഇവരുടെ ആരോപണം. അന്വേഷണത്തിൽ മുഹമ്മദ് കാസിമല്ല സ്ക്രീൻ ഷോട്ടിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നിർണായക വെളിപ്പെടുത്തലുമായി പൊലീസ് ഹെെക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.