വാഷിംഗ്‌ടൺ: യുഎസിലെ കാറപകടത്തിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. യുഎസ് ടെക്‌സസിലെ ലാംപാസ് കൗണ്ടിയിൽ ബുധനാഴ്‌ച രാവിലെ 5.45ഓടെയാണ് അപകടമുണ്ടായത്. അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), മകൾ ആൻഡ്രിൽ അരവിന്ദ് (17) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം യാത്ര ചെയ്യാതിരുന്നതിനാൽ 14കാരനായ മകൻ ആദിർയാൻ രക്ഷപ്പെട്ടു.
ടെക്‌സസിലെ ലിയാൻഡറിലാണ് കുടുംബം താമസിച്ചിരുന്നത്. കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവർ അടക്കം അപകടത്തിൽ അഞ്ചുപേർ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് അറിയിക്കുന്നത്. അരവിന്ദും ഭാര്യയും മകൾക്ക് നോർത്ത് ടെക്സസിലെ കോളേജിലാക്കാൻ പുറപ്പെട്ടതായിരുന്നു. ഈയടുത്ത് ഹെെസ്കൂൾ പഠനം പൂർത്തിയാക്കിയ ആൻഡ്രിൽ ഡാലസ് സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസ് പഠനത്തിന് ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു.
അരവിന്ദും കുടുംബവും സഞ്ചരിച്ച കാർ 122 കിലോമീറ്റർ വേഗത്തിലും ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച് കാർ 270 കിലോമീറ്റർ വേഗത്തിലുമാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളെയും സഹോദരിയെയും നഷ്ടമായ ആദിർയാന് സാമ്പത്തിക സഹായം നൽകുന്നതിനായി ഗോഫണ്ട് മി പേജ് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.