മലയാളികൾക്ക് പ്രിയപ്പെട്ട ചായക്കടികളിലൊന്നാണ് പഴംപൊരി. ചായയും നല്ല ചൂട് പഴംപൊരിയും കഴിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ പലർക്കും നാവിൽ വെള്ളമൂറും. എന്നാൽ എണ്ണയിൽ വറുത്ത് കോരുന്ന ഈ പലഹാരം ആരോഗ്യത്തിന് അത്ര നല്ലതല്ല. മൈദ കൊണ്ടുണ്ടാക്കുന്നതിന്റെ ദോഷങ്ങൾ വേറെയും. എന്നാൽ ഈ ടെൻഷനൊന്നും ഇല്ലാതെ തന്നെ എണ്ണയോ മൈദയോ ഉപയോഗിക്കാതെ നല്ല അടിപൊളി പഴംപൊരിയുണ്ടാക്കുന്ന വിദ്യ പങ്കുവച്ചിരിക്കുകയാണ് ഗായിക റിമി ടോമി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തന്റെ ഫേവറൈറ്റ് പഴംപൊരിയുടെ റെസിപ്പി റിമി പങ്കുവച്ചിരിക്കുന്നത്.
ഇതിനായി ആദ്യം നല്ല പഴുത്ത ഏത്തൻ പഴം എടുത്ത് പഴംപൊരിക്ക് ആവശ്യമായ വലിപ്പത്തിൽ കട്ട് ചെയ്യണം. ശേഷം മുറിച്ചെടുത്ത പഴത്തിന്റെ രണ്ട് ഭാഗത്തും നെയ്യ് പുരട്ടണം. എയർ ഫ്രൈയർ ഉപയോഗിച്ചാണ് പഴംപൊരി തയ്യാറാക്കുന്നത്. എയർ ഫ്രൈയറുടെ അകത്തും നെയ്യ് പുരട്ടിയതിനുശേഷം മുറിച്ചെടുത്ത പഴം നിരത്തി വയ്ക്കാം.
ഇനി ഫ്രൈയിംഗ് ഓപ്‌ഷൻ സെറ്റ് ചെയ്തതിനുശേഷം പതിനഞ്ചോ പതിനാറോ മിനിട്ട് വച്ച് ഫ്രൈ ചെയ്തെടുക്കാം. ഇടയ്ക്ക് പഴംപൊരി തിരിച്ചിടാനും മറക്കരുത്. ശേഷം ചെറുചൂടോടെ ചായക്കൊപ്പമോ കോഫിക്കൊപ്പമോ പഴംപൊരി ആസ്വദിക്കാം. എയർ ഫ്രൈയർ ഉപയോഗിച്ച് ഫ്രൈ ചെയ്യുന്നതിന്റെ ആരോഗ്യവശങ്ങൾ ഒരു ന്യൂട്രീഷനുമായി ചോദിച്ച് മനസിലാക്കണമെന്നും റിമി പറയുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവുന്ന നാലുമണി പലഹാരമാണ് റിമി ടോമി തയ്യാറാക്കിയത്.