gopi-sundar

ഫേസ്‌ബുക്ക് പോസ്റ്റിന് അശ്ളീല കമന്റിട്ടയാൾക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ. ചിങ്ങം ഒന്നിന് കേരളീയ വേഷത്തിലുള്ള ചിത്രം ഗോപി സുന്ദർ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെ സുധി എസ് നായർ എന്ന ഫേസ്‌ബുക്ക് ഉപഭോക്താവ് ഇട്ട കമന്റിനെതിരെയാണ് പരാതി നൽകിയത്. കമന്റിനെക്കുറിച്ച് കഴിഞ്ഞദിവസം ഗോപി സുന്ദർ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

'ഇനി നമുക്ക് സപ്‌താഹം വായിക്കാം'-എന്ന അടിക്കുറിപ്പോടെ പരാതിയുടെ പക‌ർപ്പ് ഗോപി സുന്ദർ ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 'സുധി എസ് നായർക്ക് എന്റെ അമ്മയെ വേണമെന്നാണ് പറയുന്നത്. എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. നിഷ്കളങ്കയായ എന്റെ അമ്മയെ അവൻ അപമാനിച്ചതിൽ എനിക്ക് സങ്കടമുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരേ, ഇവനെ നിങ്ങൾ തന്നെ എന്തെങ്കിലും ചെയ്യണം. ഞാൻ ഇല്ല. ദെെവം ഇവനെ അനുഗ്രഹിക്കട്ടെ'- എന്നാണ് കഴിഞ്ഞദിവസം അശ്ലീല കമന്റുകൾ പങ്കുവച്ച് ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചത്.

തുടർന്ന് ധാരാളം പേർ ഗോപി സുന്ദറിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പൊലീസിൽ പരാതി നൽകാനായിരുന്നു ഒരു ഉപഭോക്താവ് സംഗീത സംവിധായകനോട് നിർദേശിച്ചത്. പൊലീസ് സ്വമേധയാ കേസ് എടുക്കട്ടെ അല്ലേ എന്നാണ് അതിന് ഗോപി സുന്ദർ മറുപടി നൽകിയത്. ഇതിനുപിന്നാലെയാണ് പൊലീസിൽ പരാതി നൽകിയതിന്റെ പകർപ്പ് ഗോപി സുന്ദർ പങ്കുവച്ചിരിക്കുന്നത്.