മുംബയ്: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ സ്‌കൂളിൽ നിന്ന് ബിസ്‌ക്കറ്റ് കഴിച്ച 80 ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധ എന്നാണ് പ്രഥാമിക നിഗമനം. പോഷകാഹാര പരിപാടിയുടെ ഭാഗമായി നൽകിയ ബിസ്‌ക്കറ്റ് കഴിച്ച കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെ 8.30ഓടെ ബിസ്‌ക്കറ്റ് കഴിച്ച കുട്ടികൾക്ക് ഛർദ്ദിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുട്ടികളെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ബിസ്‌ക്കറ്റ് കഴിച്ച 257 വിദ്യാർഥികളിൽ 153 പേരെ ആശുപത്രിയിൽ എത്തിക്കുകയും ചിലർക്ക് ചികിത്സ നൽകുകയും ചെയ്തുവെന്ന് ആശുപത്രിയിലെ മെഡിക്കൽ ഒഫീസർ അറിയിച്ചു. ഗുരുതരമായ രോഗലക്ഷണങ്ങൾ കണ്ട ഏഴ് വിദ്യാർഥികളെ കൂടുതൽ ചികിത്സക്കായി ഛത്രപതി സംഭാജിനഗർ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു.
സ്‌കൂളിൽ 296 കുട്ടികളാണുള്ളത്. ഭക്ഷ്യവിഷബാധയുടെ കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.