കൊൽക്കത്ത: പി.ജി ട്രെയിനി ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം കനത്തതോടെ സ്ത്രീ സുരക്ഷക്കായി നടപടികൾ പ്രഖ്യാപിച്ച് ബംഗാൾ. കൊൽക്കത്തയിൽ കഴിഞ്ഞ അർദ്ധ രാത്രിയും വൻ പ്രതിഷേധം അരങ്ങേറിയതിന് പിന്നാലെയാണ് മമത സർക്കാർ വനിതകളുടെ സുരക്ഷ ഉറപ്പാക്കാൻ സാഥി പദ്ധതി പ്രഖ്യാപിച്ചത്. വനിത ഡോക്ടർമാരുടെ ജോലി 12 മണിക്കൂറിലധികം പാടില്ലെന്നും വനിത ഡോക്ടർമാർക്ക് ആശുപത്രികളിലടക്കം പ്രത്യേക വിശ്രമ മുറി അനുവദിക്കണമെന്നും നിർദ്ദേശം നൽകി. ആശുപത്രികളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാനും ബ്രീത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയടക്കം കർശനമാക്കാനും തീരമാനിച്ചു. പൊലീസുമായി എളുപ്പത്തിൽ ബന്ധപ്പെടാനായി പ്രത്യേക മൊബൈൽ ആപ്പും പ്രഖ്യാപിച്ചു.
തൃണമൂലിൽ ഭിന്നത
പ്രതിഷേധം ആളിക്കത്തുന്ന ബംഗാളിൽ പൊലീസ് കമ്മിഷണറെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി തൃണമൂൽ നേതാവും രാജ്യസഭാ എം.പിയായ സുകേന്തു ശേഖർ റേ. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് ആരാണെന്ന് കണ്ടെത്തണമെങ്കിൽ മുൻ പ്രിൻസിപ്പലിനേയും പോലീസ് കമ്മിഷണറേയും ചോദ്യംചെയ്യണം എന്ന് സുകേന്തു എക്സിൽ കുറിച്ചു. അന്വേഷണം ആദ്യഘട്ടത്തിൽ കൈകാര്യം ചെയ്യുന്നതിൽ കമ്മിഷണറായ വിനീത് ഗോയൽ പരാജയപ്പെട്ടെന്ന ആരോപണങ്ങൾക്കിടെയാണ് തൃണമൂൽ നേതാവ് തന്നെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.
അതേസമയം, കമ്മിഷണർക്കെതിരായ ചോദ്യംചെയ്യല് ആവശ്യത്തെ ശക്തമായി എതിർക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മുതിർന്ന തൃണമൂൽ നേതാവ് കുണാൽ ഘോഷ് മറുപടിയുമായെത്തി. കമ്മിഷണർ തന്റെ ജോലി കൃത്യമായി ചെയ്തെന്നും മികച്ച രീതിയിലാണ് കേസ് അന്വേഷിച്ചതെന്നും പറഞ്ഞ കുണാൽ ഘോഷ്, ശേഖർ റേയുടെ പരാമർശം നിർഭാഗ്യകരമാണെന്നും എക്സിൽ കുറിച്ചു.
എന്നാൽ ശേഖർ റേ വീണ്ടും നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. എന്തിനാണ് മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിന്റെ ചുമർ തകർത്തത്? പ്രതിയായ സഞ്ജയ് റോയിയെ ഇത്രയധികം ശക്തനാക്കിയത് ആരാണ്? സംഭവം നടന്ന് മൂന്ന് ദിവസത്തിനുശേഷം സ്നിഫർ നായകളെ ഉപയോഗിച്ചത് എന്തിന് തുടങ്ങിയ വാദങ്ങൾ നിരത്തിയ റേ, തന്റെ ആരോപണം ആവർത്തിച്ചു. കൊൽക്കത്ത പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത സി.ബി.ഐ, വിശദമായ അന്വേഷണം നടത്തണമെന്നും നീതിപൂർവം പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമയം തേടി ഗവർണർ
കേന്ദ്ര ആഭ്യന്തര മന്ത്രിയെ കാണാൻ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് സമയം തേടി. വനിതാ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെയും കാണും. നേരത്തെ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശവുമായി ഗവർണർ രംഗത്തെത്തിയിരുന്നു. ബംഗാളിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവർണർ തുറന്നടിച്ചു. ഗവർണറെന്ന നിലയിൽ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോൾ പറയുന്നില്ല. കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മമതയിൽ വിശ്വാസം നഷ്ടപ്പെട്ടു
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയിലുള്ള വിശ്വാസം നഷ്ടമായതായി കുടുംബം മാദ്ധ്യമങ്ങളോട് പറഞ്ഞു. മകൾ ആത്മഹത്യ ചെയ്തെന്നു പറഞ്ഞ് 11 മണിക്കാണ് ഫോൺ വന്നത്. രാവിലെ 12ന് ആശുപത്രിയിലെത്തി. 3.30നാണ് മകളുടെ ശരീരം കാണാൻ കഴിഞ്ഞത്. മകളുടെ ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. അവളെ കിടക്കവിരിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുകയായിരുന്നു. അവളുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. ഒന്നും ശേഷിക്കുന്നില്ല. നീതി ലഭിക്കണമെന്ന് പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മമതയുടെ എല്ലാ പദ്ധതികളും, കന്യാശ്രീ പദ്ധതി, ലക്ഷ്മി പദ്ധതി എല്ലാം വ്യാജമാണ്. ഈ പദ്ധതികൾ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ, അവ ഉപയോഗിക്കുന്നതിന് മുൻപ് നിങ്ങളുടെ ലക്ഷ്മി വീട്ടിൽ സുരക്ഷിതമാണോ എന്ന് പരിശോധിക്കണമെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു.