pic

വാഷിംഗ്ടൺ: എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസിനെതിരെ വ്യക്തിപരമായ ആക്രമണം ശക്തമാക്കി മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. കമലയേക്കാളും സൗന്ദര്യം തനിക്കുണ്ടെന്നും പ്രസിഡന്റ് ജോ ബൈഡനേക്കാൾ മോശം സ്ഥാനാർത്ഥിയാണ് കമലയെന്നും ട്രംപ് പറഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ടൈം മാഗസിനിലെ കമലയുടെ കവർ ചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമർശം. കമലയുടെ പൊട്ടിച്ചിരി ഭ്രാന്തുള്ളവരുടേത് പോലെയാണെന്നും ട്രംപ് പരിഹസിച്ചു. കമലാ പ്രസിഡന്റായാൽ യു.എസ് ഇല്ലാതാകുമെന്നും ട്രംപ് നേരത്തെ വിമർശിച്ചിരുന്നു.

അതേ സമയം, ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ കൺവെൻഷൻ ഇന്ന് ഷിക്കാഗോയിൽ തുടങ്ങും. വ്യാഴാഴ്ച അവസാനിക്കും. പാർട്ടിയുടെ ഔദ്യോഗിക പ്രസിഡൻഷ്യൽ നോമിനേഷൻ കമലാ ഹാരിസ് സ്വീകരിക്കും. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ടിം വാൽസും നോമിനേഷൻ സ്വീകരിച്ച് അഭിസംബോധന നടത്തും.

ഏകദേശം 50,000ത്തോളം പേർ കൺവെൻഷനിൽ പങ്കെടുക്കും. പ്രസിഡന്റ് ജോ ബൈഡൻ, മുൻ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൻ, മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ തുടങ്ങിയവർ സംസാരിക്കും. നവംബർ 5നാണ് യു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.