ഈസ്റ്റ് ബംഗാളിന്റെയും മോഹൻ ബഗാന്റെയും ആരാധകർ സംയുക്തമായി പ്രതിഷേധിച്ചു
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളേജിൽ യുവഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയുടെ കുടുംബത്തിന് നീതി കിട്ടണമെന്ന ആവശ്യവുമായി പ്രമുഖ ഫുട്ബാൾ ക്ലബുകളായ മോഹൻ ബഗാൻ സൂപ്പർ ജയ്‌ന്റ്‌സിന്റെയും ഈസ്റ്റ് ബംഗാളിന്റെയും ആരാധകർ സംയുക്തമായി സാൾട്ട് ലേക്ക് സ്റ്റേഡിയം പരിസരത്ത് പ്രകടനം നടത്തി. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്നലെ നടക്കേണ്ടിയിരുന്ന ഡ്യൂറൻഡ് കപ്പിലെ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള കൊൽക്കത്ത ഡെർബി പോരാട്ടം റദ്ദാക്കിയിരുന്നു. സ്റ്റേഡിയം പരിസരത്ത് നിരോധനാജ്ഞ നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇരുടീമുകളുടേയും ജേഴ്സികളണിഞ്ഞും പതാകകളുമായാണ് ആരാധകർ ഞങ്ങൾക്ക് നീതി വേണം എന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.
തിരക്കേറിയ ഇ.എം ബൈപ്പാസിലേക്കും പ്രതിഷേധം നീണ്ടു. തുടർന്ന് പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും പ്രതിഷേധക്കാർക്ക് നേരെ ലാത്തി വീശി. വെസ്റ്റ് ബംഗാളിൽ ലോ ആൻഡ് ഓർഡർ തരിപ്പണമായിരിക്കുകയാണെന്ന് സംഭവസ്ഥലത്ത് എത്തിയ ഓൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ പ്രതികരിച്ചു.ഒരു ഫു്ടബാൾ മത്സരം പോലും നടത്താനാകാത്ത സ്ഥിതിയാണന്നും പൊലീസ് സേനയെ വിന്യസിച്ചിരിക്കുന്നത് കണ്ടാൽ കലാപസമാനമാണ് കാര്യങ്ങൾ എന്ന് കരുതുമെന്നും അദ്ദഹം ആരോപിച്ചു.