crime
പ്രതീകാത്മക ചിത്രം

കൊച്ചി: നഗരത്തിലെ രണ്ട് ഹോട്ടലുകളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ആറ് പേര്‍ കസ്റ്റഡിയിലായി. മരട് സ്റ്റാച്യു ജംങ്ഷനിലെ രണ്ട് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് ഗുണ്ടകളുടെ മീറ്റപ്പ് നടക്കുന്നുവെന്നും ഒരു സിനിമാ കമ്പനിയുടെ ലോഞ്ചിംഗ് ആണ് എന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഒരു സിനിമാ കമ്പനിയുടെ ലോഞ്ചിംഗ് പാര്‍ട്ടിയാണെന്നായിരുന്നു സംഘാടകര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്.

തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആറ് പേരെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം കളിയിക്കാവിള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരാണ് ഈ സംഘം. ഇവരില്‍ നിന്ന് തോക്ക് ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരില്‍ മൂന്ന് പേര്‍ ക്രിമിനലുകളാണെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒത്തുചേരലിന്റെ മുഖ്യ സംഘാടകന്‍ തിരുവനന്തപുരം സ്വദേശി ആഷ്‌ലി എന്ന വ്യക്തിയായിരുന്നു.

പൊലീസ് ഹോട്ടലില്‍ എത്തിയ വിവരം അറിഞ്ഞതിന് പിന്നാലെ ആഷ്‌ലി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കസ്റ്റഡിയിലെടുത്ത പ്രതികളുടേത് കരുതല്‍തടങ്കലാണെന്നും പൊലീസ് പറയുന്നു. ആഷ്‌ലി കൊച്ചിയിലേക്ക് വന്നത് അനുമതിയോടെയാണോ, ഇയാളുടെ വരവിന്റെ ഉദ്ദേശം എന്തായിരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

ഏത് സാഹചര്യത്തിലാണ് പരിശോധന നടത്തിയതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ ഔദ്യോഗികമായി പുറത്ത് പറയാന്‍ കഴിയുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ഹോട്ടലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് ഒരു തോക്കും പെപ്പര്‍ സ്‌പ്രേയും കത്തിയും പോലീസ് കണ്ടെടുത്തു. സിനിമാ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ട കൂട്ടായ്മയാണ് നടന്നതെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പറയുന്നത്. ഇവരില്‍ മൂന്ന് പേര്‍ക്ക് ഇതുവരെ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പൊലീസ് പറയുന്നു.