i-phone

അമ്പലത്തിന് മുന്നില്‍ പൂക്കള്‍ വില്‍ക്കുന്ന ഒരു സ്ത്രീയും അവരുടെ മകന്റെ നിരാഹാര സമരവുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളില്‍ ഒന്ന്. തന്റെ മകന്റെ സന്തോഷത്തിന് വേണ്ടി ഇതുവരെ സമ്പാദിച്ച തുക മുഴുവന്‍ ചെലവാക്കേണ്ടിവന്നതിനെക്കുറിച്ച് അമ്മ പറയുന്ന ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ള വീഡിയോ എപ്പോഴുള്ളതാണെന്ന് പക്ഷേ വ്യക്തമല്ല.

അമ്പലത്തിന് മുന്നില്‍ പൂക്കള്‍ വിറ്റ് കിട്ടുന്നത് തുച്ഛമായ വരുമാനമാണ്. അതുകൊണ്ട് ദിവസേനയുള്ള ചിലവ് നടന്നുപോകാന്‍ തന്നെ വലിയ ബുദ്ധിമുട്ടാണ്. അപ്പോഴാണ് മകന് ഐഫോണ്‍ വാങ്ങണമെന്ന ആഗ്രഹമുണ്ടായത്. പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ കാര്യം മനസ്സിലാക്കാത്ത യുവാവ് നിരാഹാര സമരം ആരംഭിച്ചു. മൂന്ന് ദിവസം ജലപാനം പോലും ഉപേക്ഷിച്ച് ഫോണിന് വേണ്ടി മകന്‍ വാശി തുടര്‍ന്നപ്പോള്‍ ഒടുവില്‍ ആ പാവം അമ്മയ്ക്ക് വഴങ്ങേണ്ടി വന്നു.

തന്റെ നാളിതുവരെയുള്ള മുഴുവന്‍ സമ്പാദ്യവും ആ അമ്മ മകന് നല്‍കി. ഇക്കാര്യങ്ങള്‍ അമ്മ വിശദീകരിക്കുമ്പോള്‍ തൊട്ടടുത്തായി അമ്മ നല്‍കിയ കാശും കയ്യില്‍ പിടിച്ച് ചിരിയോടെ നില്‍ക്കുന്ന മകനേയും ദൃശ്യങ്ങളില്‍ കാണാം. കടയിലെ ഫോണുകളുടെ വിവരം തനിക്ക് ഇന്‍സ്റ്റഗ്രാമിലാണ് ലഭിച്ചതെന്നും അതോടെയാണ് ഐഫോണ്‍ വാങ്ങണമെന്ന ആഗ്രഹം ഉണ്ടായതെന്നും യുവാവ് പറയുന്നു. എന്നാല്‍ ഏത് മോഡല്‍ ഫോണാണ് വാങ്ങിയതെന്നോ എത്ര രൂപ ചെലവായെന്നോ വീഡിയോയില്‍ പറയുന്നില്ല.

അതേസമയം, മകന്റെ പ്രവര്‍ത്തിയെ രൂക്ഷമായ ഭാഷയിലാണ് നെറ്റിസണ്‍സ് വിമര്‍ശിക്കുന്നത്. സ്വന്തം അമ്മയുടെ കഷ്ടപ്പാട് മനസ്സിലാക്കാന്‍ പോലും കഴിവില്ലാത്തവനെന്നും നിരാഹാരം കിടന്നതിന് ഫോണ്‍ വാങ്ങി നല്‍കുകയല്ല മറിച്ച് നല്ല തല്ലാണ് കൊടുക്കേണ്ടിയിരുന്നതെന്നും നിരവധിപേര്‍ അഭിപ്രായപ്പെടുന്നു. ഇതുപോലുള്ള മക്കളാണ് ഇന്നത്തെ തലമുറയുടെ വലിയ ശാപമെന്ന് അഭിപ്രായപ്പെടുന്നതും നിരവധിപേരാണ്. അമ്മ എത്ര കഷ്ടപ്പെട്ടാലും സ്വന്തം ആഗ്രഹം, ഇഷ്ടം ഒക്കെ മാത്രമാണ് ഇതുപോലുള്ള മക്കള്‍ക്ക് പ്രധാനം എന്നിങ്ങനെ തുടരുകയാണ് വിമര്‍ശനങ്ങള്‍.