haelath

തൃശൂർ: ആതുര വിദ്യാസമ്പന്നർ അതിന്റെ കുലീനത്വം ഉൾക്കൊണ്ട് അർപ്പണ മനോഭാവത്തോടെ പൊതു സമൂഹത്തെ സേവിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ പത്തൊമ്പതാം ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

ബുദ്ധിപരവും ധാർമികവുമായ നീതി നിർവഹണം എന്നതിൽ വേരൂന്നിയാകണം ആതുര വിദ്യാഭ്യാസം. സംസ്ഥാനത്തിന്റ ആതുര ഗവേഷണരംഗത്തു കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്ക് മുഖ്യ പങ്കുണ്ട്. ആരോഗ്യ ശാസ്ത്ര ശാഖയുടെ ചരിത്രം പരിശോധിച്ചാൽ സഹാനുഭൂതി, അനുകമ്പ, എന്നതിലൂടെ സമൂഹ നന്മ എന്നതിന് തന്നെയാണ് പ്രാധാന്യമെന്നും ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വിവിധ വിഷയങ്ങളിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

രോഹിത് രാജീവ് സക്കറിയ, എസ്. ഐശ്വര്യ എന്നിവർക്ക് ഡോ. ജയറാം പണിക്കർ എൻഡോവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പ്രൊ വൈസ് ചാൻസലർ സി.പി. വിജയൻ, രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, പരീക്ഷാ കൺട്രോളർ ഡോ. എസ്. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. 11,166 പേർക്കാണ് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയത്.