മോസ്കോ: റഷ്യയിലെ വിദൂര കിഴക്കൻ മേഖലയിലെ കാംചറ്റ്‌ക ഉപദ്വീപിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനവും പിന്നാലെ അഗ്നിപർവ്വത സ്ഫോടനവും. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കാംചറ്റ്‌കയുടെ കിഴക്കൻ തീരത്ത് കടലിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് പിൻവലിച്ചു. പസഫിക് സമുദ്രത്തിൽ 3.9 മുതൽ 5.0 വരെ തീവ്രതയുള്ള നിരവധി തുടർചലനങ്ങളുണ്ടായതോടെ കാംചറ്റ്‌കയുടെ വടക്കേ അറ്റത്തുള്ള ഷിവേലുച് അഗ്നിപർവതം പൊട്ടിത്തെറിക്കുകയായിരുന്നു. അഞ്ച് മൈൽ ഉയരത്തിൽ ചാരവും ലാവയും തെറിച്ചു. 1999 മുതൽ ഷിവേലുചിൽ പൊട്ടിത്തെറികൾ സജീവമാണ്.