ടെൽ അവീവ് : 25 വർഷത്തിനിടെ ആദ്യമായി ഗാസയിൽ പോളിയോ കേസ് സ്ഥിരീകരിച്ചു. മദ്ധ്യ ഗാസയിൽ നിന്നുള്ള പത്ത് മാസം പ്രായമുള്ള കുഞ്ഞിനാണ് ജോർദ്ദാനിൽ നടത്തിയ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചത്. ജൂണിൽ ഗാസയിലെ മലിന ജല സാമ്പിളിൽ പോളിയോ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.
ഗാസയിലെ 6,40,000 ത്തിലേറെ കുഞ്ഞുങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ യുദ്ധം നിറുത്തണമെന്ന് ഇസ്രയേലിനോടും ഹമാസിനോടും യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടു. ഗാസയിൽ പോളിയോ വ്യാപിച്ചാൽ സമീപ രാജ്യങ്ങൾക്കും ഭീഷണിയായി മാറുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
16 ലക്ഷത്തോളം പോളിയോ വാക്സിൻ ഡോസുകൾ ഈ മാസം അവസാനത്തോടെ ഇസ്രയേൽ വഴി ഗാസയിൽ എത്തിക്കാനാണ് യു.എൻ ഏജൻസികളുടെ ശ്രമം. ഡബ്ല്യു.എച്ച്.ഒയുമായി സഹകരിച്ച് ഗാസയിലേക്ക് വാക്സിനുകൾ എത്തിക്കുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജീവിക്കുന്ന ആയിരക്കണക്കിന് കുട്ടികളിലേക്ക് പ്രതിരോധ മാർഗ്ഗങ്ങൾ ഉടൻ എത്തേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ ഒക്ടോബർ മുതൽ ഗാസയിലെ വാക്സിൻ ക്യാമ്പെയ്നുകൾ നിലച്ചിരിക്കുകയാണ്. അതേ സമയം, ഹെപറ്റൈറ്റിസ് എ, ചിക്കൻപോക്സ് അടക്കമുള്ള മറ്റ് രോഗങ്ങളും ഗാസയിൽ വ്യാപിക്കുന്നതായി യു.എൻ പറയുന്നു.
മതിയായ വെള്ളമോ ഭക്ഷണമോ മരുന്നോ ഇല്ലാതെ അഭയാർത്ഥി ക്യാമ്പുകളിലും മറ്റും ആയിരങ്ങൾ തിങ്ങിപ്പാർക്കുന്നത് രോഗവ്യാപന ഭീതി ഉയർത്തുന്നു. ഇതുവരെ 40,090 ലേറെ പേരാണ് ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇന്നലെ മാത്രം 25 പേർ കൊല്ലപ്പെട്ടു.