business

ന്യൂഡല്‍ഹി: സീസണ്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും വളരെ സുലഭമായി കിട്ടുന്ന ഒന്നാണ് മാമ്പഴം. ലോകത്ത് തന്നെ ഏറ്റവും ഡിമാന്‍ഡുള്ള സംഗതിയുമാണ് ഇന്ത്യന്‍ മാമ്പഴം. അതുകൊണ്ട് തന്നെ ലോകത്തിലെ മൊത്തം കയറ്റുമതിയിലെ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ഈ മേഖലയുടെ കുത്തക ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്ന് പറയാം. എന്നാല്‍ സമീപകാലത്തായി ഇന്ത്യയുടെ ഈ കുത്തകയ്ക്ക് ഭീഷണിയാകുകയാണ് അയല്‍രാജ്യമായ ചൈന.

മാമ്പഴം നേരിട്ട് വിപണിയിലിറക്കാതെ മൂല്യവര്‍ദ്ധിത വസ്തുക്കളായി ഇറക്കിയാണ് ചൈന ഇന്ത്യക്ക് ചെക്ക് വയ്ക്കുന്നത്. മാമ്പഴം ഉണക്കിയും സംസ്‌കരിച്ചും രൂപം മാറ്റിയാണ് ചൈനയുടെ ബിസിനസ്. 2024ലെ കണക്കുകള്‍ പരിശോധിച്ചാല്‍ ആഭ്യന്തര ഉത്പാദനത്തില്‍ ഇന്ത്യ വളരെ മുന്നിലാണ്. അതിനാല്‍ തന്നെ കയറ്റുമതിയില്‍ കൂടുതല്‍ വരുമാനവും ഇന്ത്യ സ്വാഭാവികമായും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഈ മേഖലയിലേക്കുള്ള ചൈനയുടെ കടന്ന് വരവ് വെല്ലുവിളിയാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

1950ുകളില്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ചൈനയ്ക്ക് മാവിന്റെ തൈകള്‍ സമ്മാനിച്ചിരുന്നു. അവിടെ നിന്നാണ് ചൈനയുടെ തുടക്കം. അതായത് ഇന്ത്യയില്‍ നിന്ന് തൈകള്‍ ലഭിക്കുന്നത് വരെ ചൈനയ്ക്ക് അന്യമായിരുന്നു മാമ്പഴകൃഷി. ദസേരി, അല്‍ഫോന്‍സ, ലംഗ്ര, ചൗസ എന്നീ ഇനങ്ങളും ഇന്ന് ചൈന കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ കോടികളാണ് ചൈനയുടെ അക്കൗണ്ടിലേക്ക് എത്തുന്നത്.

ആഭ്യന്തര ഉത്പാദനം വര്‍ദ്ധിച്ച ഇന്ത്യന്‍ സാഹചര്യത്തില്‍ ചൈനയുടെ വെല്ലുവിളി എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയാന്‍ പക്ഷേ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോട് അടുക്കേണ്ടി വരുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.