കൊച്ചി: പുതിയ വുഡ് ബോര്‍ഡുകള്‍ വിപണി കീഴടക്കിയതോടെ ഇടക്കാലത്ത് ആഞ്ഞിലിത്തടിക്ക് മാര്‍ക്കറ്റ് ഇടിഞ്ഞിരുന്നു. ഒരുകാലത്ത് വീട് നിര്‍മാണത്തിനും ഫര്‍ണിച്ചര്‍ നിര്‍മാണത്തിനും മലയാളികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ആഞ്ഞിലി ഇപ്പോഴിതാ തകര്‍പ്പന്‍ റീ എന്‍ട്രി നടത്തിയിരിക്കുകയാണ്. കേരളത്തിലെ പ്ലൈവുഡ് ഫാക്ടറികള്‍ ആഞ്ഞിലിത്തടി എത്ര അളവില്‍ വേണമെങ്കിലും സ്വീകരിക്കാന്‍ തയ്യാറാണെന്നതാണ് നിലവിലെ അവസ്ഥ.
റബര്‍, പ്ലാവ്, വട്ട, യൂക്കാലി എന്നിവയാണ് പ്ലൈവുഡ് ഫാക്ടറികള്‍ കൂടുതലായും സ്വീകരിച്ചിരുന്നത്. ഇതില്‍ റബര്‍ തടിക്കായിരുന്നു ഡിമാന്‍ഡ് കൂടുതല്‍ എന്നാല്‍ റബര്‍ തടികള്‍ പഴയത്‌പോലെ ലഭിക്കാതെ വ്ന്നതോടെയാണ് ഒരിടവേളയ്ക്ക് ശേഷം ആഞ്ഞിലി മരങ്ങളും തടിയും വിപണിയിലേക്ക് മടങ്ങിയെത്തുന്നത്. റബര്‍ മരങ്ങള്‍ ഒരിടയ്ക്ക് വ്യാപകമായി മുറിച്ച് മാറ്റിയിരുന്നു. ഇപ്പോള്‍ റബറിന് വില സര്‍വകാല റെക്കോഡിലേക്ക് എത്തിയതോടെ പല തോട്ടങ്ങളും വീണ്ടും സജീവമാണ്. ടാപ്പിംഗ് പലയിടത്തും പൂര്‍ണതോതില്‍ പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യമാണ് ആഞ്ഞിലിത്തടിക്ക് വീണ്ടും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടാക്കിയത്. റബറിന് ഇടിവ് വന്നപ്പോള്‍ വ്യാപകമായി തടി ലഭിച്ചിരുന്നു. ഇപ്പോള്‍ സ്ഥിതി മറിച്ചായപ്പോള്‍ റബര്‍ കിട്ടാത്ത അവസ്ഥയും. ഇതോടെയാണ് പ്ലൈവുഡ് ഫാക്ടറി ഉടമകള്‍ പ്രതിസന്ധിയിലായത്. ഇതോടെ ആഞ്ഞിലി അടക്കമുള്ള മരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. വ്യവസായം നിലനിന്നു പോകണമെങ്കില്‍ ഭാവിയില്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് തടി വ്യവസായികളുടെ സംഘടനയായ സോപ് മ പറയുന്നത്.
ചിങ്ങമാസം പിറന്നതോടെ കച്ചവടം, ഭവന നിര്‍മാണം എന്നിവ കൂടുതലായി വരും. അപ്പോള്‍ ആവശ്യത്തിന് സാധനം എത്തിച്ചില്ലെങ്കില്‍ മാര്‍ക്കറ്റില്‍ പകരക്കാര്‍ എത്തും. അന്യസംസ്ഥാനങ്ങളെ ആളുകള്‍ നേരിട്ട് ആശ്രയിക്കുന്ന സ്ഥിതിയുണ്ടായാലും അത് ഫാക്ടറി ഉടമകളെ ബാധിക്കും.