കൊച്ചി: കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻ ആക്ടിംഗ് ചെയർപേഴ്സണുമായ ജസ്റ്റിസ് വി.പി. മോഹൻകുമാർ (84) അന്തരിച്ചു. എറണാകുളത്തെ വസതിയിൽ ഇന്ന് വൈകിട്ട് അഞ്ചിനായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് രവിപുരം പൊതുശ്മശാനത്തിൽ. ഭാര്യ: ഓമന മോഹൻകുമാർ. മക്കൾ: ഡോ. സംഗീത കോടോത്ത് (യു.എസ്), അഡ്വ. ജയേഷ് മോഹൻകുമാർ (ഹൈക്കോടതി). മരുമക്കൾ: ഡോ. സുരേഷ് (യു.എസ്), അഡ്വ.വന്ദന മേനോൻ (ഹൈക്കോടതി).
കാസർകോട് സ്വദേശിയായ മോഹൻകുമാർ 1962ൽ എറണാകുളം ഗവ. ലാ കോളേജിൽനിന്ന് ബിരുദം നേടി അഭിഭാഷകനായി എൻറോൾ ചെയ്തു. അഡ്വക്കേറ്റ് ജനറലും പിന്നീട് ചീഫ് ജസ്റ്റിസുമായ അമ്മാവൻ വി.പി. ഗോപാലൻ നമ്പ്യാരുടെ കീഴിലാണ് പ്രാക്ടീസ് തുടങ്ങിയത്.
1994ൽ കേരള ഹൈക്കോടതി ജഡ്ജിയായി. അതേവർഷം കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലംമാറി. ദീർഘകാലം അവിടെ പ്രവർത്തിച്ചു. കല്ലുവാതുക്കൽ മദ്യ ദുരന്തത്തിൽ അന്വേഷണ കമ്മിഷനായും പ്രവർത്തിച്ചു.