coffee

കോട്ടയം : അതിരാവിലെ, ഒരു ഗ്ലാസ് കട്ടന്‍ കാപ്പിയും ദിനപത്രവും കോട്ടയംകാരുടെ ശീലങ്ങളിലൊന്നാണ്. ഇതില്‍ നിന്ന് ചായയിലേയ്ക്ക് മാറേണ്ട സ്ഥിതിയാണ്. കാപ്പിക്കുരു വില വര്‍ദ്ധിച്ചതോടെ കാപ്പിപ്പൊടി വിലയും കുത്തനെ ഉയരുകയാണ്. ഒരു കിലോയ്ക് 600 രൂപ. കാപ്പിക്കുരു ക്ഷാമവും ഉത്പാദനം കുറഞ്ഞതുമാണ് വില വര്‍ദ്ധനവിന് കാരണം. കാപ്പി പരിപ്പിന് 350 രൂപയും കാപ്പി (തൊണ്ടുള്ളത് ) 210 രൂപയുമാണ് വില. ഇത് ഇടനിലക്കാരുടെ ഫാക്ടറികളിലേക്ക് എത്തുമ്പോള്‍ വിലയില്‍ വ്യത്യാസം ഉണ്ടാകും. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് വിളവെടുപ്പ് സീസണ്‍. എന്നാല്‍ ഇത്തവണ വിളവ് കാര്യമായില്ലായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. കാപ്പി കൃഷിയും കുറഞ്ഞു. റബര്‍ തോട്ടങ്ങളില്‍ ഇടവിളയായാണ് കാപ്പികൃഷി ചെയ്തിരുന്നത്. വയനാട്, കൂര്‍ഗ്, ഹൈറേഞ്ച് മേഖലകളില്‍ നിന്നാണ് മദ്ധ്യകേരളത്തിലെ ഭൂരിഭാഗം കമ്പനികളും കാപ്പിക്കുരു ശേഖരിക്കുന്നത്. മലബാര്‍ മേഖലകളില്‍ കാപ്പിക്കുരു വ്യാപകമായി വെട്ടിമാറ്റി ഏലം കൃഷി ആരംഭിച്ചു. ഗ്രാമപ്രദേശങ്ങളില്‍ കാപ്പിക്കുരു പൊടിച്ചുനല്‍കുന്ന നിരവധി മില്ലുകളും ഇല്ലാതായി.

കാപ്പിക്കൃഷി മേഖലകള്‍

പാലാ, പിഴക്

ഈരാറ്റുപേട്ട

പാമ്പാടി, മണിമല

തൊഴിലാളി ക്ഷാമം, സംഭരിക്കാന്‍ സംവിധാനമില്ല

തൊഴിലാളിക്ഷാമവും സംഭരിക്കാന്‍ സംവിധാനമില്ലാത്തതാണ് മേഖലയിലെ പ്രതിസന്ധി. മുന്‍പ് കോഫി ബോര്‍ഡിന്റെ നേതൃത്വത്തിലാണ് കാപ്പിക്കുരു സംഭരിച്ചിരുന്നത്. എന്നാല്‍ കോഫി ബോര്‍ഡ് ഇത് നിറുത്തലാക്കി. കാപ്പിക്കുരു ഉണങ്ങിയെടുക്കുന്നതിനും സംവിധാനമില്ല. ഏലം കര്‍ഷകര്‍ക്ക് ഡ്രൈയര്‍ സംവിധാനമുള്ളതിനു സമാനമായി കാപ്പി കര്‍ഷകര്‍ക്കും ഡ്രൈയര്‍ സംവിധാനമൊരുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കടലാസില്‍ ഒതുങ്ങി.

ഗുണനിലവാരം കുറഞ്ഞു

അമിത വിലയ്ക്കൊപ്പം ഗുണനിലവാരത്തിലും ആക്ഷേപമുണ്ട്. കാപ്പിക്കുരുവിന്റെ തോട്, തിപ്പൊലി തുടങ്ങിയവ അടക്കമുള്ളവ കാപ്പിപ്പൊടിയില്‍ പൊടിച്ചു ചേര്‍ക്കുന്നതാണ് ഇതിനു കാരണം. വില വര്‍ദ്ധനയുടെ പ്രയോജനം പക്ഷെ കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. ഉയര്‍ന്ന കൂലിയും മറ്റ് ചെലവുകളും ബുദ്ധിമുട്ടിലാഴ്ത്തുന്നു.

കാപ്പിപ്പൊടി : 600 രൂപ

''വിളവെടുത്ത കാപ്പിക്കുരു ഉണക്കി സൂക്ഷിക്കാന്‍ മഴകാരണം സാധിക്കാതെ വന്നു. ഇവ ഉണങ്ങുന്ന സംവിധാനം ഇല്ലാത്ത കര്‍ഷകരാണ് കൂടുതല്‍ ബുദ്ധിമുട്ടിലായത്. -ശശിധരന്‍, മണിമല