adhithyan

തിരുവനന്തപുരം: വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം. കാട്ടാക്കട സ്വദേശി ഗിരീഷ് - മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് മരിച്ചത്. തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം.

കഠിനമായ വയറുവേദനയും വയറിളക്കവും കാരണം ശനിയാഴ്‌ച കുട്ടിയെ മണിയറവിള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരുന്ന് നൽകി വിട്ടയച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയാണോ എന്ന് സംശയിക്കാൻ കാരണം. എന്നാൽ, പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കാരണം സ്ഥിരീകരിക്കാനാകൂ എന്നാണ് പൊലീസ് പറഞ്ഞത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മൽ എൽപി സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു മരിച്ച ആദിത്യൻ.