ലോകത്തിന്റെ നശ്വരമുഖങ്ങൾക്കു പിന്നിലെ അനശ്വരമായ തത്വമാണ് പരമാത്മാവ്. ദേശകാലാതീതനായ ആ പരമാത്മാവ് ലോകോദ്ധാരണത്തിനായി ഗോകുലത്തിൽ അവതാരം ചെയ്ത പുണ്യദിനമാണ് കൃഷ്ണാഷ്ടമി. വാക്കിനും മനസിനും അതീതമായ ഭഗവാന്റെ ജന്മകർമ്മങ്ങളെ വർണിക്കുക അസാദ്ധ്യമാണ്. ആയിരമായിരം മനുഷ്യഹൃദയങ്ങളിൽ പ്രേമഭക്തിയുടെ ഗംഗാപ്രവാഹം സൃഷ്ടിച്ചും ധർമ്മസംസ്ഥാപനം ചെയ്തും സർവശാസ്ത്രസാരമായ ഭഗവദ്ഗീത ഉപദേശിച്ചും ശ്രീകൃഷ്ണ ഭഗവാൻ ധാർമ്മികവും ആദ്ധ്യാത്മികവുമായ നവോത്ഥാനം സൃഷ്ടിച്ചു.
സർവശക്തനായ ഈശ്വരൻ മനുഷ്യന്റെ പരിമിതികൾ സ്വയം സ്വീകരിച്ച് ജനമദ്ധ്യത്തിലേക്ക് വരുന്നതാണ് ഈശ്വരാവതാരം. ഈശ്വര തത്ത്വത്തെ കണ്ണുകൊണ്ട് കാണാനും കാതുകൊണ്ട് കേൾക്കാനും കൈകൾ കൊണ്ട് സ്പർശിക്കാനും ഹൃദയം കൊണ്ട് അനുഭവിക്കുവാനും സാധിക്കുന്ന അസുലഭ അവസരമാണത്. തേനിന്റെ മാധുര്യം എന്തെന്ന് വർണനയിലൂടെ മാത്രം ആർക്കും മനസിലാകില്ല. എന്നാൽ ഒരു തുള്ളി നാവിൽ വച്ചാൽ ആ മാധുര്യം നേരിൽ അനുഭവിക്കാം. അതുപോലെയാണ് ഒരു ഈശ്വരപുരുഷന്റെ സാന്നിദ്ധ്യം. ദേശത്തിന്റെ സംസ്‌കാരമായി, ലോകത്തിന്റെ വെളിച്ചമായി അവർ ജനഹൃദയങ്ങളിൽ എന്നും
ജീവിക്കുന്നു. ആ സത്സംഗം ആത്മാനുഭവത്തിലേക്കുള്ള പാതയാണ്.
പിറന്നുവീണ നിമിഷം മുതൽ വിഘ്നങ്ങളാലും എതിർപ്പുകളാലും സങ്കീർണമായിരുന്നു ശ്രീകൃഷ്ണഭഗവാന്റെ ജീവിതം. എന്നാൽ അവിടുന്ന് അചഞ്ചലനായി മുന്നോട്ടു തന്നെ പൊയ്ക്കൊണ്ടിരുന്നു. രക്ഷിക്കേണ്ടവരെ രക്ഷിച്ചു, ശിക്ഷിക്കേണ്ടവരെ ശിക്ഷിച്ചു, ആശ്വസിപ്പിക്കേണ്ടവരെ ആശ്വസിപ്പിച്ചു, ആത്മവിശ്വാസം പകരേണ്ടവർക്ക് ആത്മവിശ്വാസം പകർന്നു, വഴികാട്ടേണ്ടവർക്ക് വഴികാട്ടി. ഹൃദയശുദ്ധിയുള്ളവരിൽ പ്രേമഭക്തിയെ ഉണർത്തി. ധർമ്മം, അർത്ഥം, കാമം, മോക്ഷം എല്ലാം പാത്രമറിഞ്ഞു നൽകി. അങ്ങനെ എല്ലാംകൊണ്ടും ധന്യമായിരുന്നു ഭഗവാന്റെ ജീവിതം.
ധർമ്മരക്ഷയ്ക്കു വേണ്ടി ശ്രീകൃഷ്ണൻ സദാ കർമ്മനിരതനായി. എളിയതെന്നോ ഉന്നതമെന്നോ വ്യത്യാസമില്ലാതെ എല്ലാ തൊഴിലിനെയും ആദരിച്ചു. അർജ്ജുനന്റെ തേരാളിയായി കുതിരകളെ പരിചരിച്ചു, യുധിഷ്ഠിരന്റെ യജ്ഞത്തിൽ അതിഥികളുടെ പാദപൂജ ചെയ്തു, രാജാക്കന്മാരെ വാഴിക്കുകയും സംഹരിക്കുകയും ചെയ്തു. ഭക്തരക്ഷകനായും ഭക്തസേവകനായും ഭൂമിയിൽ വാണു. ഒന്നിനോടും സംഗമില്ലാതെ അവിടുന്ന് കാലത്തിനൊപ്പം ഒഴുകി. തന്റെ ജീവിതംകൊണ്ടും കർമ്മംകൊണ്ടും ഉപദേശംകൊണ്ടും സാന്നിദ്ധ്യംകൊണ്ടും ഭൂമിയെ പവിത്രമാക്കി.
ഒരു നടൻ സ്റ്റേജിൽ വന്നാൽ ജീവിതത്തിലെന്നപോലെ അഭിനയിക്കുന്നു. അതുപോലെ ശ്രീകൃഷ്ണൻ ഒരു നാടകത്തിലെന്നപോലെ ലോകത്ത് ജീവിച്ചു. നാടകം കാണികൾക്ക് ആനന്ദം പകരാൻ വേണ്ടിയുള്ളതാണ്. ഒപ്പംചില മൂല്യങ്ങുടെ സന്ദേശവുമുണ്ടാകും. അതുപോലെ ഭഗവാന്റെ ജീവിതം ലോകത്തെ ആനന്ദിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ഭഗവാന്റെ ജീവിതം ഒരേസമയം ആനന്ദലീലയും ലോകോദ്ധാരണവുമായിത്തീർന്നു. ഭഗവാൻ അത്ഭുതങ്ങൾ പലതും കാട്ടിയെങ്കിലും ഏറ്റവും വലിയ അത്ഭുതം മനുഷ്യഹൃദയങ്ങളിൽ ഉണർത്തിയ പ്രേമഭക്തി തന്നെയായിരുന്നു. പ്രത്യേകിച്ച്, വൃന്ദാവനത്തിലെ ഗോപികമാരിൽ ഉണർത്തിയ പ്രേമം. വിദ്യാഭ്യാസമില്ലാത്ത ആ ഗ്രാമീണ സ്ത്രീകൾ ഋഷിമാർക്കു പോലും നേടാൻ കഴിയാത്ത ഔന്നത്യത്തെ പ്രാപിച്ചു. ജീവതത്തിൽ മറ്റെല്ലാം ഉണ്ടായാലും ഈശ്വരനോട് പ്രേമമുണ്ടെങ്കിൽ, സമർപ്പണമുണ്ടെങ്കിൽ മാത്രമേ ജീവിതം ധന്യമാവൂ. അതാണ് ശ്രീകൃഷ്ണ സന്ദേശം.