aswathy-v-nair

രണ്ടാമൂഴം എന്ന സിനിമ താൻ ഒരിക്കലും സംവിധാനം ചെയ്യില്ലെന്ന് എം.ടി വാസുദേവൻ നായരുടെ മകളും നർത്തകിയും സംവിധായികയുമായ അശ്വതി വി നായർ. താനൊരു തുടക്കക്കാരിയാണെന്നും, സിനിമയെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ടെന്നും അശ്വതി പ്രതികരിച്ചു. ഒരു കുഞ്ഞു സിനിമയേ താൻ ചെയ‌്തിട്ടുള്ളൂ, രണ്ടാംമൂഴം പോലൊരു സാഹസത്തിന് ഒരിക്കലും മുതിരില്ലെന്നും അശ്വതി പറഞ്ഞു.

എല്ലാവർക്കും അറിയാവുന്നത് പോലെ രണ്ടാമൂഴം വലിയൊരു പ്രോജക്‌ടാണ്. അതിനെ കൃത്യമായിട്ട് പ്ളേസ് ചെയ്യാനും കൺസീവ് ചെയ്യാനും പറ്റുന്ന ഒരു ഡയറക്‌ടർ വേണം. 100 ശതമാനവും ആ കഥയോട് നീതി പുലർത്തുന്ന ആളായിരിക്കണം. സപ്പോർട്ട് ചെയ്യുന്ന പ്രൊഡക്ഷൻ ഹൗസ് വരണം. അത്തരത്തിൽ ഒരുപാട് ചലഞ്ചുകൾ ഉണ്ട്. പെട്ടെന്ന് സെറ്റ് ചെയ്യാൻ പറ്റുന്ന പ്രോജക്‌ട് അല്ല രണ്ടാംമൂഴം. പ്രീപ്രൊഡക്ഷൻ രണ്ട് വർഷത്തോളം ആവശ്യമുണ്ട്. അച്ഛൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് സിനിമ വരണമെന്ന്. അതുകൊണ്ടുതന്നെ എക്‌സിക്യൂട്ട് ചെയ്യണമെന്ന ആഗ്രഹം എനിക്കുണ്ട്. അതിനൊപ്പം നിൽക്കാനുള്ള ധൈര്യം മനോരഥങ്ങളിലൂടെ ഞാൻ ആർജിച്ചു കഴിഞ്ഞു.

മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട സിനിമയല്ല രണ്ടാമൂഴമെന്നും അശ്വതി പറഞ്ഞു. പാൻ ഇന്ത്യൻ സിനിമയായി മാറണം. വലിയ ബഡ്‌ജറ്റ് വേണ്ട സിനിമയാണിത്. നിലവിൽ സംവിധായകന്റെ കാര്യത്തിലൊന്നും തീരുമാനമായിട്ടില്ല. മോഹൻലാൽ തന്നെയാകുമോ ഭീമൻ എന്ന ചോദ്യത്തിന് അശ്വതിയുടെ മറുപടി ഇങ്ങനെയായിരുന്നു.

''നമ്മുടെ മാത്രം ഐഡിയ അല്ലല്ലോ അത്. ഡയറക്‌ടറുടെ കോളം കൂടിയാണത്. ആരാ സംവിധായകനായി വന്നാലും അയാളുടെ വിഷൻ അനുസരിച്ച് കഥാപാത്രങ്ങളിൽ തീരുമാനമുണ്ടാകും. പ്രൊഡക്ഷനും കൂടി അംഗീകരിക്കപ്പെടുന്നതാവണമത്''.