bjp

ഗുരുഗ്രാം: 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് സാക്ഷിയാകാൻ ഒരുങ്ങുകയാണ് രാജ്യം. ദിവസങ്ങൾക്ക് മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ ജമ്മു കാശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തിരഞ്ഞെടുപ്പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളായി ജമ്മു കാശ്മീർ വിധിയെഴുതുമ്പോൾ ഒറ്റ ഘട്ടത്തിലാണ് ഹരിയാന പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. ബിജെപിയുടെ തട്ടകമായ ഹരിയാനയിൽ ഒക്ടോബർ ഒന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്. 2014ലെ മോദി തരംഗത്തിൽ ഭരണം പിടിച്ചെടുത്ത ഹരിയാനയിൽ വീണ്ടും അധികാരം നിലനിർത്താമെന്ന പ്രതീക്ഷയോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിക്ക് ഇത്തവണ കാര്യങ്ങൾ എളുപ്പമാകുമോ?

2014ൽ 10 സീറ്റ് നേടിയ ബിജെപിക്ക് ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വെറും 5 സീറ്റ് മാത്രമാണ് നേടാൻ സാധിച്ചത്. മാത്രമല്ല വോട്ട് വിഹിതം 12 ശതമാനം കുറയുകയും ചെയ്തു. സംസ്ഥാനത്ത് അധികാരത്തിൽ തുടരുന്ന ബിജെപിക്ക് നിയമസഭയിൽ 44 സീറ്റാണുള്ളത്. 42 സീറ്റുമായി കോൺഗ്രസ് പ്രതിപക്ഷത്ത് തുടരുമ്പോൾ 4 സീറ്റുമായി ആംആദ്മിയും കളത്തിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രി നയബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിരവധി പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. എന്നാൽ വീണ്ടും തിരഞ്ഞെടുപ്പിലേക്കുള്ള പാർട്ടിയുടെ പാത തടസ്സങ്ങൾ നിറഞ്ഞതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് ഹരിയാന ബിജെപിയുടെ അന്ത്യത്തിന്റെ തുടക്കമാണെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡയും സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഉദയ് ഭാനും ചണ്ഡീഗഡിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഹരിയാനയിലെ ബിജെപി സർക്കാർ വികസനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നാണ് ഹൂഡ പറയുന്നത്. വെറും മുദ്രാവാക്യം വിളികളിലൂടെ ജനങ്ങളെ കബളിപ്പിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. ഒക്ടോബർ ഒന്നിനായി വോട്ടർമാർ കാത്തിരിക്കുകയാണ്. ഒക്ടോബർ നാലിന് ഫലം പുറത്തുവരുമ്പോൾ ജനങ്ങൾ ബിജെപി സർക്കാർരിനെ പുറത്താക്കുമെന്നും ഭൂപീന്ദർ ഹൂഡ വ്യക്തമാക്കുന്നു.

പ്രതിപക്ഷവും ഹരിയാനയിൽ രണ്ടും കൽപ്പിച്ച് ഇറങ്ങുന്നതോടെ ബിജെപി കടുത്ത മത്സരമാണ് സംസ്ഥാനത്ത് നേരിടുക. സംസ്ഥാനത്ത് ബിജെപി നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം?

ഭരണവിരുദ്ധ വികാരം
1977 മുതൽ, ഹരിയാനയിലെ വോട്ടർമാർ ഒരു പാർട്ടിക്കും തുടർച്ചയായി രണ്ടാം തവണയും കേവല ഭൂരിപക്ഷം (മൊത്തം 90 സീറ്റുകളിൽ 45 ൽ കൂടുതൽ) നൽകിയിട്ടില്ല. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്കും കോൺഗ്രസിനും അഞ്ച് സീറ്റുകൾ വീതം വോട്ടർമാർ നൽകി. മോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്ന നഗരങ്ങളിലെ വോട്ടർമാരാണ് ഇത്തവണ ബിജെപിയെ തുണച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധ വികാരം ബിജെപിക്ക് ഒരു പരിധിവരെ തിരിച്ചടിയായിരുന്നു. തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഹരിയാനയിലെ ബിജെപി നിയമസഭാംഗങ്ങൾക്കെതിരായ പരാതികൾ തുടങ്ങിയ പ്രശ്നങ്ങൾ വീണ്ടും അധികാരത്തിലെത്താൻ ബിജെപിക്ക് തടസമായേക്കും.

bjp

കർഷകരുടെ അസംതൃപ്തി

ഏറ്റവും കൂടുതൽ കർഷകരുള്ള ഒരു സംസ്ഥാനം കൂടിയാണ് ഹരിയാന. കേന്ദ്രം പിൻവലിച്ച കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കർഷകർ കൂടുതലും ഹരിയാനയിൽ നിന്നുള്ളവരായിരുന്നു. നിയമങ്ങൾ അസാധുവാക്കിയെങ്കിലും കർഷകർക്കിടയിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കുന്ന അതൃപ്തി ബിജെപിക്ക് തിരിച്ചടിയായേക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ പ്രകടനം നടത്തിയതും ഇതിന് ഒരു ഉദാഹരണമാണ്.

നേരത്തെ 14 വിളകളിൽ നിന്ന് 24 വിളകളാക്കി താങ്ങുവില മുഖ്യമന്ത്രി സൈനി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല കർഷകരും ആ തീരുമാനത്തിൽ തൃപ്തരല്ല. റാഗി, സോയാബീൻ, ചണം, കൊപ്ര, മൂങ്ങ്, നൈഗർ വിത്ത്, സൂര്യകാന്തി, ബാർലി, ജോവർ എന്നിവയാണ് പട്ടികയിൽ ചേർത്തിരിക്കുന്നത്. ഇവ ഹരിയാനയിൽ കാര്യമായ അളവിൽ കൃഷി ചെയ്യുന്നില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്. കൂടാതെ ശംഭു അതിർത്തിയിൽ കർഷകർ നടത്തിയ പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ബിജെപി സർക്കാർ മെഡലിന് നാമനിർദ്ദേശം ചെയ്തതും കർഷകരെ ചൊടിപ്പിച്ചിട്ടുണ്ട്.

ജാതിയും ധ്രുവീകരണവും
ഹരിയാനയിൽ എപ്പോഴും സങ്കീർണമായി നിലനിൽക്കുന്ന ഒന്നാണ് ജാതി സമവാക്യങ്ങൾ. പ്രത്യേകിച്ച് ജാട്ട് സമുദായങ്ങൾക്കിടയിലെ അസംതൃപ്തി കൈകാര്യം ചെയ്യുക എന്നത് ബിജെപിയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. ഇവ ഫലപ്രദമായി പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ പ്രധാന മണ്ഡലങ്ങളിലെ ജനപിന്തുണ നഷ്ടപ്പെടാൻ കാരണമായേക്കും. ഇത് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്.

പാർട്ടിക്കുള്ളിലെ വിഭാഗീയത
സംസ്ഥാനത്തെ കോൺഗ്രസിനുള്ളിലും ബിജെപിയിലും ആഭ്യന്തര കലഹങ്ങൾ പുകയുന്ന ഒന്നാണ്. എന്നാൽ ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹം പരിഹരിക്കാനാവാത്ത വിധം മൂർച്ഛിച്ചിരിക്കുകയാണ്. ഉദാഹരണത്തിന്, ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിംഗ് അസ്വസ്ഥനാണ്. റാവു ഇന്ദർജിത് സിംഗിന്റെ വിശ്വസ്തനായി കണക്കാക്കപ്പെടുന്ന ഭിവാനി എംപി ധരംബീർ സിംഗ്, ഇത് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ രാജ്ബീർ സിംഗ് ലാല തോഷാമിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനും സാദ്ധ്യതയുണ്ട്.

കഴിഞ്ഞ മാർച്ചിൽ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടതുമുതൽ മുൻ മന്ത്രി അനിൽ വിജ് അസ്വസ്ഥനാണ്. പാർട്ടി നേതാക്കൾക്കിടയിലുള്ള, പ്രത്യേകിച്ച് സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ, പ്രചാരണത്തിലെ ബിജെപിക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.

അഗ്നിവീറും ഗുസ്തി താരങ്ങളും
റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ (ഡബ്ല്യുഎഫ്‌ഐ) ചുറ്റിപ്പറ്റിയുള്ള വിവാദവും ഉത്തർപ്രദേശിൽ നിന്നുള്ള മുൻ ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാരോപണമുൾപ്പെടെ ഹരിയാനയിൽ വലിയ ചർച്ചാ വിഷയമാണ്. കാരണം രാജ്യത്തെ മുൻനിരയിലുള്ള പല ഗുസ്തിക്കാരും ഹരിയാനയിൽ നിന്നുള്ളവരാണ്. പാരിസ് ഒളിമ്പിക്സിൽ സ്വർണ മെഡൽ പ്രതീക്ഷിച്ച വിനേഷ് ഫോഗട്ട് അയോഗ്യനാക്കപ്പെട്ട വിഷയം ഒരു രാഷ്ട്രീയ പ്രശ്നമല്ലെങ്കിലും, ഹരിയാനയിൽ പലരെയും അത് അസ്വസ്ഥരാക്കിയിട്ടുണ്ട്. അഗ്നിവീർ പ്രശ്നവും ഹരിയാനയിൽ ബിജെപിയുടെ സാദ്ധ്യതയിൽ വിള്ളലുണ്ടാക്കുന്ന ഒരു ഘടകമാണ്. അത് പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.