regent

(കഴി‌ഞ്ഞ ലക്കത്തിൽ നിന്ന് തുടർച്ച)

ഗ്രാമ സ്വരാജും അധികാര വികേന്ദ്രീകരണവുമൊക്കെ സ്വപ്നങ്ങൾ മാത്രമായിരുന്ന കാലത്താണ്, 1925 ആഗസ്റ്റ് 13-ന് ഗ്രാമ പഞ്ചായത്ത് നിയമത്തിൽ റീജന്റ് മഹാറാണി ഒപ്പുവയ്ക്കുന്നത്. ശുചിത്വം,കൃഷി, കുടിൽ വ്യസായം, വിദ്യാഭ്യാസം തുടങ്ങി പല ചുമതലകളും പഞ്ചായത്തുകൾക്ക് ഭാഗികമായെങ്കിലും കൈമാറി. വോട്ടവകാശത്തിന് പരിഷ്‌കൃത രാജ്യങ്ങളിൽപ്പോലും ഭൂസ്വത്ത് മാനദണ്ഡമായിരുന്ന കാലം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എല്ലാവർക്കും വോട്ടവകാശം നൽകിക്കൊണ്ട് സേതു ലക്ഷ്മിബായി ചരിത്രം രചിച്ചു. ഗ്രാമ ഭരണത്തിൽ സമ്പൂർണ ജനപങ്കാളിത്തം ഉറപ്പാക്കിയ ഇന്ത്യയിലെ ആദ്യ ഭരണാധികാരി എന്ന കീർത്തി സ്വന്തമാക്കുകയും ചെയ്തു!

1924-ൽ സേതു ലക്ഷ്മിബായി അധികാരമേറ്റ് അധികം കഴിയും മുമ്പായിരുന്നു കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. തിരുവിതാംകൂറിന്റെ പലഭാഗങ്ങളെയും പേമാരി നക്കിത്തുടച്ചു. ദുരിതങ്ങളെ സമർത്ഥമായി നേരിട്ടുകൊണ്ട് റീജന്റ് കാലത്തിന്റെ ആദ്യ നാളുകളിൽത്തന്നെ അവർ ഭരണ മികവിന് പ്രശംസ നേടി. അക്കാലത്ത് തിരുവിതാംകൂർ, കൊച്ചി, മദിരാശി സംസ്ഥാനങ്ങൾ ഒരു സംയുക്ത കരാറിലൂടെ സാദ്ധ്യമാക്കിയ വികസനമാണ് ഇന്നത്തെ കൊച്ചി തുറമുഖത്തിന്റെ വളർച്ചയിലെ നാഴികക്കല്ല്. 1931-ൽ പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചെങ്കിലും പ്രവർത്തനം ആരംഭിച്ചത് 1932-ൽ ശ്രീ ചിത്തിര തിരുന്നാളിന്റെ കാലത്താണ്. തിരുവനന്തപുരം സെൻട്രൽ റെയിവേ സ്റ്റേഷൻ സ്ഥാപിച്ചതും സേതു ലക്ഷ്മിബായിയാണ്.

വിമർശനവും

വിവാദവും

വിമർശനങ്ങളിൽ നിന്നും വിവാദങ്ങളിൽ നിന്നും കൊട്ടാരം ഉപജാപങ്ങളിൽ നിന്നും വിമുക്തമായിരുന്നില്ല റീജന്റ് ഭരണകാലം. 1926-ലെ പ്രസ് റഗുലേഷൻ ആക്ട് സേതുലക്ഷ്മിയുടെ പുരോഗമന വാദിയെന്ന പ്രതിഛായയ്ക്ക് മങ്ങലേല്പിച്ചു. രാജകുടുംബത്തിനെതിരായ വിമർശനങ്ങൾ കർശനമായി നിരോധിച്ചത് ഉൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ പത്രങ്ങൾക്കു മേൽ ചുമത്തപ്പെട്ടു. മഹാറാണിയുടെ ജീവിതപങ്കാളിയായ രാമവർമ്മ വലിയകോയിത്തമ്പുരാൻ ഭരണകാര്യങ്ങിൽ ഇടപെടുന്നതായി വിമർശനമുയരുകയും പത്രങ്ങൾ അത് വിവാദമാക്കുകയും ചെയ്തു. അതുകൊണ്ടാണ് പത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് അരോപണമുയർന്നു.

ഭരണകാര്യങ്ങളിൽ എക്കാലവും വലിയ സ്വാധീനമുള്ളവരായിരുന്നു തിരുവിതാംകൂറിലെ സവർണ വിഭാഗങ്ങളിലെ ചില യാഥാസ്ഥിതിക ഗ്രൂപ്പുകൾ. റീജന്റ് ഭരണകാലത്തെ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങൾ ഇത്തരക്കാരെ അസ്വസ്ഥരാക്കിയിരുന്നു . റീജന്റിനും കുംടുബത്തിനും എതിരായ ഇവരുടെ പ്രചാരണങ്ങൾക്ക് ചില പത്രങ്ങൾ വലിയ വാർത്താ പ്രാധാന്യം നൽകിയെന്നതും നിയന്ത്രണങ്ങൾക്ക് കാരണമായി. ടി.കെ. മാധവന്റെയും ഇ.വി കൃഷ്ണപിള്ളയുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളുണ്ടായി.

റീജന്റ് ആയി ചുമതലയേൽക്കുന്നതിനു മുമ്പുതന്നെ യുവരാജാവ് ചിത്തിര തിരുന്നാളിന്റെ മാതാവ് സേതുപാർവതി ബായിയുടെ നേതൃത്വത്തിൽ മഹാറാണിക്കെതിരെ ഉപജാപങ്ങളും തുടങ്ങിയിരുന്നു. ഏഴു വർഷം നീണ്ട റീജന്റ് ഭരണത്തിന് 1931നവംബർ ആറിന് കൊടിയിറങ്ങി. പ്രായപൂർത്തിയായ ചിത്തിര തിരുന്നാൾ തിരുവിതാംകൂർ മഹാരാജാവിന്റെ സിംഹാസത്തിൽ അവരോധിതനായി. റീജൻസി കാലത്തുടനീളം പുലർത്തിയ അന്തസും കുലീനതയും കൈവിടാതെ, സുഗമമായ അധികാര കൈമാറ്റത്തിനാണ് സേതു ലക്ഷ്മി ബായി വഴിയൊരുക്കിയത്. എന്നാൽ പടിയിറങ്ങുന്ന ഭരണാധികാരി എന്ന നിലയിലുള്ള ഉചിതമായ വിടവാങ്ങലല്ല സേതുലക്ഷ്മി ബായിക്ക് ലഭിച്ചത്. അർഹിക്കുന്ന ആദരവും ആചാര മര്യാദകളും നിഷേധിക്കപ്പെട്ടു. അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നതിന് രാജഭരണകൂടവുമായും ഇന്ത്യാ ഗവൺമെന്റുമായും നിരന്തരം കത്തിടപാടുകൾ നടത്തേണ്ടി വന്നു. സ്വകാര്യ സ്വത്തുവകകൾ പോലും കൈയൊഴിയേണ്ടി വന്നു.

പ്രതാപങ്ങളുടെ

കൊടിയിറക്കം

മഹാറാണി വിശ്രമ ജീവിതം നയിച്ചിരുന്ന സെയ്തൽ മൻഡിൽ കൊട്ടാരത്തിലെ പരിചാരകർ 1956-ൽ തൊഴിലാളി യൂണിയൻ രൂപീകരിച്ച് തൊഴിൽ സമരം തുടങ്ങി. നിഹാര സമരവും തനിക്കെതിരായ മുദ്രാവാക്യം വിളികളും, കൊട്ടാരത്തിന്റെ മേൽക്കൂരയിൽ ഉയർത്തിയിരുന്ന തിരുവിതാംകൂറിന്റെ പതാക അഴിച്ചു മാറ്റി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടി കെട്ടിയതും, വീട്ടുസാധനങ്ങൾ പോലും കിട്ടതായതും അവരെ മാനസികമായി തളർത്തി. ഇതിനിടെയുണ്ടായ ഹൃദയാഘാതം ആരോഗ്യ സ്ഥിതിയും മോശമാക്കി. ഇതോടെ കേരളം വിട്ടുപോകാൻ തന്നെ അവർ തീരുമാനിച്ചു.

1956 ഒക്ടോബറിൽ രാജകീയ പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച് സേതു ലക്ഷ്മിബായി തിരുവനന്തപുരത്തോട് യാത്ര പറഞ്ഞു. എതാനും മാസങ്ങൾ മദ്രാസിൽ ഇളയ മകൾ ഇന്ദിരയ്‌ക്കൊപ്പം കഴിഞ്ഞ ശേഷം ബാംഗ്ലൂരിൽ മൂത്ത മകൾ ലളിതയ്ക്കും കുടുംബത്തിനുമൊപ്പം സ്ഥിരതാമസമാക്കി. 1985 ഫെബ്രുവരി 22-ന് ബാംഗ്ലൂരിൽ വച്ചു തന്നെ സേതുലക്ഷ്മിബായി അന്തരിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നിനെ ഏഴു വർഷം അടക്കിഭരിച്ച മഹാറാണി സേതുലക്ഷ്മി ബായിയുടെ അന്ത്യവിശ്രമത്തിന് ചിതയൊരുങ്ങിയത് സ്വന്തം നാടിനു പുറത്ത് ബാംഗ്ലൂരിലെ വിൽസൻ ഗാർഡൻ വൈദ്യുതി ശ്മശനത്തിൽ!