ഇന്ത്യയെ സംബന്ധിച്ച് അയൽരാജ്യങ്ങൾ എന്നും തലവേദനയാണ്. പാകിസ്ഥാനും
ചൈനയും ഇന്ത്യയ്ക്ക് ഉണ്ടാക്കുന്ന തലവേദന മൂലമാണ് ഖജനാവിൽ നിന്ന് വലിയ സംഖ്യ പ്രതിരോധ സംവിധാനങ്ങൾക്കായി മാറ്റിവയ്ക്കേണ്ടിവരുന്നത്. അയൽരാജ്യങ്ങളായ മാലിയും ശ്രീലങ്കയും നേപ്പാളും ഒന്നും ഇന്ത്യയുമായി അത്രകണ്ട് സൗഹൃദത്തിലല്ല എന്നതും മറ്റൊരു യാഥാർത്ഥ്യമാണ്.
എന്നാൽ ബംഗ്ലാദേശ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഹസീന ഇന്ത്യയുമായി നല്ല
ബന്ധം പുലർത്തിപ്പോന്നിരുന്ന ഭരണാധികാരിയായിരുന്നു.
2008 മുതലുള്ള അവരുടെ ഭരണകാലത്ത് ഇന്ത്യക്ക് ബംഗ്ലാദേശിൽ നിന്നുള്ള ഭീകര തീവ്രവാദ പ്രതിലോമശക്തികളുടെ ഉപദ്റവം കുറവായിരുന്നു. ബംഗ്ലാദേശിന്റെ പിറവിയിൽ ഇന്ത്യ വഹിച്ച പങ്കിനെക്കുറിച്ച് ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ മകൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ബംഗ്ലാദേശിലെ വിദ്യാർത്ഥി സമരം കലാപ സദൃശമായതോടെ ഭരണം അട്ടിമറിക്കപ്പെട്ടു. ഷെയ്ഖ് ഹസീനക്ക് ഇന്ത്യയിൽ അഭയം തേടേണ്ടിവന്നു. ഇത് ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ല കാര്യമല്ല.
1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തര തലമുറയ്ക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം നൽകുന്നതിനെതിരെ 2024 ജൂലായിൽ നടന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ തുടർച്ചയായി ഓഗസ്റ്റിൽ പൊട്ടിപ്പുറപ്പെട്ട കലാപമാണ് ഹസീനയുടെ നാടുവിടലിന് കാരണമായിരിക്കുന്നത്. വിദ്യാർത്ഥി പ്രക്ഷോഭകരെ നേരിടാൻ ഷെയ്ഖ് ഹസീന പൊലീസിന് അനുവാദം കൊടുക്കുകയും ഹസീനയുടെ അവാമിലീഗിന്റെ വിദ്യാർത്ഥി സംഘടന ഒപ്പം ചേരുകയും ചെയ്തപ്പോൾ ഇരുന്നൂറിലേറെപ്പേർ മരിക്കുകയും ആയിരത്തിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 11,000 ത്തിലധികം പേർ അറസ്റ്റിലായി. പ്രക്ഷോഭത്തിൽ മരണസംഖ്യ കുതിച്ചുയർന്നതോടെ സുപ്രീം കോടതി സംവരണ പ്രശ്നത്തിൽ ഇടപെട്ട് സംവരണം വെറും ഏഴു ശതമാനമായി കുറച്ചു. ഇതോടെ ഏതാണ്ട് കെട്ടടങ്ങിയ പ്രക്ഷോഭം ഓഗസ്റ്റിൽ പുതിയ ആവശ്യങ്ങളുമായി വീണ്ടും പൊട്ടിപ്പുറപ്പെടുകയായിരുന്നു.
പ്രക്ഷോഭത്തിലെ മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹസീന മാപ്പ് പറയണം, ആഭ്യന്തരമന്ത്റിയും ഗതാഗതമന്ത്റിയും രാജിവയ്ക്കണം, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം, വിദ്യാർത്ഥികളെ കൊന്ന പൊലീസുകാരെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്
വിദ്യാർത്ഥികൾ വീണ്ടും പ്രക്ഷോഭവുമായി രംഗത്ത് വന്നതും രാജ്യം അരാജകത്വത്തിലേക്ക് നീങ്ങിയതും.
പ്രധാനമന്ത്റി ആവശ്യപ്പെട്ടിട്ടും സൈന്യം അക്രമകാരികളെ നേരിടാൻ തയ്യാറായില്ല. അക്രമികൾ പ്രധാനമന്ത്റിയുടെ ഔദ്യോഗികഭവനത്തിലും ഭരണസിരാകേന്ദ്രങ്ങളിലേക്കും ഇരച്ചുകയറാൻ തുടങ്ങിയതോടെയാണ് ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം തേടേണ്ടിവന്നത്. ബംഗ്ലാദേശിനെ
അസ്ഥിരപ്പെടുത്തുന്നതിൽ പാകിസ്ഥാനും ചൈനയ്ക്കും വ്യക്തമായ പങ്കുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഷെയ്ഖ് ഹസീന ഇന്ത്യയുമായി പുലർത്തിയിരുന്ന ഗാഢസൗഹൃദം ഈ ശത്രുരാജ്യങ്ങൾക്ക്
അത്ര രസിച്ചിരുന്നില്ല.
ഖാലിദ സിയയുടെ ബി.എൻ.പി.യുമായി ഇന്ത്യയ്ക്ക് അത്റ നല്ല ബന്ധം ഉണ്ടായിരുന്നില്ല. ഖാലിദയുടെ ഭരണകാലത്ത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരർക്ക് ബംഗ്ലാദേശ് പണവും സുരക്ഷിതമായ ഒളിത്താവളവും നൽകിയിരുന്നു. പാകിസ്ഥാൻ ഇന്റലിജൻസ് ജമാഅത്തെ ഇസ്ലാമിയിലൂടെയാണ് ബംഗ്ലാദേശ് കേന്ദ്രമാക്കി ഇന്ത്യാ വിരുദ്ധപ്രവർത്തനങ്ങൾ നടത്തിയിരുന്നത്.
ഷെയ്ഖ് ഹസീന രാജിവച്ചൊഴിഞ്ഞതോടെ ഇന്ത്യാ വിരുദ്ധ ഭീകരസംഘടനകൾ ബംഗ്ലാദേശിൽശക്തമാക്കി തുടങ്ങിയിരുന്നു. അതിന് തെളിവാണ് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങൾ. ഹസീന സർക്കാർ നിലംപൊത്തിയശേഷം ബംഗ്ലാദേശിലെ അമ്പത്തിരണ്ട്ജില്ലകളിലായി ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ 205 ആക്രമണങ്ങളാണുണ്ടായത്.
ഒട്ടേറെ ക്ഷേത്രങ്ങൾ തീവയ്ക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ഹിന്ദുക്കളുടെ വീടുകൾ ആക്രമിക്കുകയും വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെടുകയും ചെയ്തു. വിഖ്യാത ബംഗ്ലാദേശി ഗായകൻ രാഹുൽ ആനന്ദയുടെ കലാകേന്ദ്രം ആക്രമിക്കുകയും അവിടുണ്ടായിരുന്ന മൂവായിരത്തിലേറെ അമൂല്യ സംഗീത ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. 17 കോടിവരുന്ന ബംഗ്ലാദേശ് ജനസംഖ്യയുടെ എട്ടുശതമാനം ഹിന്ദുക്കളാണ്.
1971ൽ ബംഗ്ലാദേശിൽ 40 ശതമാനമുണ്ടായിരുന്ന ഹിന്ദുസമൂഹം ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകൾ പട്ടാളഭരണകാലത്തും ഖാലിദ സിയയുടെ കാലത്തും അഴിഞ്ഞാടിയതോടെ
ജീവരക്ഷാർത്ഥം പല നാടുകളിലേക്ക് പലായനം ചെയ്യുകയായിരുന്നു. ബംഗ്ലാദേശിൽ പുതുതായി ചുമതലയേറ്റ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനിസ് രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനെ അപലപിച്ചിട്ടുണ്ടെങ്കിലും തീവ്രവാദമതസംഘടനകൾക്ക് പ്രാമുഖ്യമുള്ള
ഇടക്കാല സർക്കാരിന് എത്ര സുരക്ഷ നൽകാനാവുമെന്നത് ചോദ്യമാണ്.
ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് മതഭീകരർ വ്യാപകമായ ന്യൂനപക്ഷ വേട്ട തുടങ്ങിയതിനെ തുടർന്നാണ് ഇന്ത്യയിലേക്ക് ബംഗ്ലാദേശിൽ നിന്ന് വൻ അഭയാർത്ഥി പ്രവാഹമുണ്ടായത്. ഇപ്പോൾ വീണ്ടും അതേ അവസ്ഥ അതിർത്തിയിൽ സംജാതമായിരിക്കുകയാണ്. നുഴഞ്ഞുകയറ്റക്കാരുടെ സംഘത്തെ
ബി.എസ്.എഫ് അതിർത്തിയിൽ പിടികൂടിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഇന്ത്യാ സർക്കാർ അതീവജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
2008 മുതൽ അധികാരത്തിൽ പിടിമുറുക്കിയിരുന്ന ഷേയ്ക്ക് ഹസീന പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കിയെന്ന ആരോപണം നിലനിൽക്കുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തികമായി മുന്നേറാൻ അവരുടെ ഭരണം കാരണമായി. മതേതര സർക്കാരിനെ അട്ടിമറിച്ചതിൽ തവ്രവാദ
സംഘടനകൾക്കും പാകിസ്ഥാനും പങ്കുള്ളതുപോലെ അമേരിക്കയ്ക്കും പങ്കുണ്ടെന്ന് ഹസീന പറയുന്നു.
സെയിന്റ് മാർട്ടിൻ ദ്വീപിൽ അമേരിക്കയ്ക്കുള്ള താല്പര്യമാണ് കാരണമെന്നും ഹസീന പറയുന്നു.
ഇന്ത്യയെ സംബന്ധിച്ച് തന്ത്റപ്രധാനമായ നയങ്ങൾ സ്വീകരിക്കേണ്ട അവസ്ഥയാണിത്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാഷ്ട്രങ്ങളെ പോലെ ബംഗ്ലാദേശ് വീണ്ടും ഒരു മതതീവ്ര ഭീകരവാദ രാഷ്ട്രമാകുന്നത് ഇന്ത്യയ്ക്ക് ഒട്ടും ആശാവഹമല്ല. രാജ്യരക്ഷയെ കരുതി അതിർത്തി കടന്നുള്ള നടപടികൾ പോലും ഇന്ത്യയ്ക്ക് ചിലപ്പോൾ കൈക്കൊള്ളേണ്ടിവന്നേക്കും.
( ഫൊക്കാന മുൻ പ്രസിഡന്റും നാമം ഫൗണ്ടേഷൻ യു.എസ്.എ ചെയർമാനുമാണ് ലേഖകൻ)