pappaya-curry

പഴുത്ത പപ്പായ കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. പപ്പായ കൊണ്ട് തോരൻ ഉണ്ടാക്കുന്നവരുമുണ്ട്. പപ്പായ കൊണ്ട് ഫേസ്‌പാക്ക് ഉണ്ടാക്കി മുഖത്തിടുന്നത് മുഖം കൂടുതൽ സുന്ദരമാകുന്നതിന് സഹായിക്കും. ഇത്തരത്തിൽ മിക്കവാറും വീടുകളിലും സുലഭമായി കാണുന്ന പപ്പായി കൊണ്ടുള്ള ഉപയോഗങ്ങൾ നിരവധിയാണ്. എന്നാൽ പപ്പായ കൊണ്ട് ചിക്കൻകറിയെ വെല്ലുന്ന കറിയുണ്ടാക്കാൻ എത്രപേർക്കറിയാം?

ആദ്യം ഒരു ഇടത്തരം വലിപ്പമുള്ള അധികം പഴുക്കാത്ത പപ്പായ എടുക്കാം. തൊലികളഞ്ഞ് അകത്തെ കുരു മാറ്റിയതിനുശേഷം നന്നായി കഴുകിയെടുത്ത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. കട്ട് ചെയ്തതിനുശേഷവും കറ കളയാനായി നന്നായി കഴുകണം. മുറിച്ചെടുത്ത കഷ്ണങ്ങളിൽ ആവശ്യത്തിന് ഉപ്പ്, കാൽ സ്‌പൂൺ മഞ്ഞൾപ്പൊടി, അര സ്‌പൂൺ മുളകുപൊടി, ഒരു സ്‌പൂൺ വെളിച്ചെണ്ണ, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂർ മാറ്റി വയ്ക്കണം.

അടുത്തതായി ഒരു മൺചട്ടിയോ ചീനച്ചട്ടിയോ അടുപ്പിൽവച്ചതിനുശേഷം നാല് ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിൽ രണ്ടോ മൂന്നോ കഷ്ണം കറുവാപ്പട്ട, രണ്ട് സവാള ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് കീറിയത്, പത്ത് വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, ചെറിയൊരു കഷ്ണം ഇഞ്ചി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റണം.

എല്ലാം നന്നായി വഴണ്ട് വരുമ്പോൾ തീ കുറച്ച് മസാല പൊടികൾ ചേർത്തുകൊടുക്കാം. അര സ്‌പൂൺ മഞ്ഞൾപ്പൊടി, മൂന്ന് സ്‌പൂൺ മുളകുപൊടി, രണ്ട് സ്‌പൂൺ മല്ലി പൊടി, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റണം. മസാലപ്പൊടികൾ മൂത്തുവരുമ്പോൾ തക്കാളി ചെറുതായി അരിഞ്ഞത് ചേർക്കാം. എല്ലാം നന്നായി വഴണ്ട് യോജിച്ചതിനുശേഷം മസാല പുരട്ടിയ പപ്പായ ചേർക്കാം.

എല്ലാം നന്നായി യോജിപ്പിച്ചതിനുശേഷം അരമുറി തേങ്ങ ചിരകിയതിന്റെ മൂന്നാം പാൽ ചേർക്കണം. ശേഷം ആവശ്യത്തിന് ഉപ്പുചേർത്ത് അടച്ചുവച്ച് വേവിക്കണം. കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർക്കണം. വീണ്ടും അടച്ചുവച്ച് വേവിച്ചതിനുശേഷം ഒരു സ്‌പൂൺ ഗരംമസാല ചേർക്കാം. വീണ്ടും പതിനഞ്ച് മിനിട്ട് വേവിക്കണം. പപ്പായ നന്നായി വെന്തുകഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഫ്ളെയിം ഓഫ് ചെയ്യാം. കറി നന്നായി കുറുകിയതിനുശേഷം താളിക്കാം. വീണ്ടും അടച്ചുവച്ച് ചൂട് ചെറുതായി ആറിക്കഴിയുമ്പോൾ ഉപയോഗിക്കാം. ചിക്കൻ കറിയെ വെല്ലുന്ന പപ്പായ കറി റെഡി.