ബംഗളൂരു: മൈസൂരു വികസന അതോറിട്ടി ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് താത്കാലികാശ്വാസം. കേസിൽ ഈ മാസം 29 വരെ സിദ്ധരാമയ്യയ്ക്കെതിരെ നടപടി പാടില്ലെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു.
വിചാരണക്കോടതിക്കാണ് നിർദ്ദേശം നൽകിയത്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി നൽകിയ ഹർജി 29ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഗർണറുടെ നടപടി നിയമവിരുദ്ധവും തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുമെന്നാണ് സിദ്ധരാമയ്യയുടെ വാദം. പ്രോസിക്യൂഷൻ അനുമതി തേടി ജൂലായ് 26ന് കിട്ടിയ പരാതിയിൽ ഗവർണർ അമിത തിടുക്കം കാട്ടിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.