മിലാൻ:സ്വിറ്റ്‌സർലാൻഡിന്റെ സൂപ്പർ ഗോൾ കീപ്പർ യാൻ സോമ്മർ അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ താരമായ സോമ്മർ തനറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സ്വിസ് കുപ്പായം അഴിക്കുകയാണെന്ന് അറിയിച്ചത്. വളരെ ശ്രദ്ധാപൂർവം പലകാര്യങ്ങളും പരിഗണിച്ച ശേഷം സ്വിറ്റ്‌സർലൻഡ് ടീമിന്റെ ഗോൾ കീപ്പറായുള്ള കരിയർ അവസാനിക്കാൻ ഞാൻ തീരുമാനിച്ചു. കഴിഞ്ഞ ജൂൺ - ജൂലായ് മാസങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ട ജർമ്മനിയിൽ മറ്റൊരു മഹത്തരമായ യൂറോ ഫൈനൽ റൗണ്ട് കളിച്ചാണ് ദേശീയ ജേഴ്‌സി അഴിക്കുന്നത്. ഗുഡ് ബൈ പറയാൻ സമയമായി.- 35 കാരനായ സോമ്മർ വിരമിക്കൽ സന്ദേശത്തിൽ കുറിച്ചു. ക്ലബ് ഫുട്ബാളിൽ തുടർന്നും താരം കളിക്കും. 12 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിൽ 94 മത്സരങ്ങളിൽ സോമ്മർ സ്വിസ് വലകാത്തു. 2016,2020,2024 യൂറോ കപ്പിലും 2018,2022 ലോകകപ്പുകളിലും സ്വിറ്റ്‌സർലാൻഡിനായി ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച താരമാണ് സോമ്മർ.