ശ്രീനാരായണ ഗുരുവിനെ കണ്ട ശേഷം മഹാകവി രവീന്ദ്രനാഥ ടാഗോർ തന്റെ സന്ദർശക ഡയറിയിൽ ഇങ്ങനെ കുറിച്ചു:
'ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഞാൻ സന്ദർശനം നടത്തി. യാത്രയ്ക്കിടെ ധാരാളം മഹർഷിമാരെയും പുണ്യാത്മാക്കളെയും നേരിട്ടുകാണാനുള്ള സൗഭാഗ്യമുണ്ടായി. എന്നാൽ ശ്രീനാരായണ ഗുരുവിനെക്കാൾ ആദ്ധ്യാത്മികമായി ഉയർന്ന മറ്റൊരാളെ എനിക്ക് കാണാൻ കഴിഞ്ഞില്ല. അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന യോഗനയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖ തേജസും എനിക്ക് ഒരുകാലവും വിസ്മരിക്കാനാകില്ല.'
യുഗപ്രഭാവനും വിശ്വഗുരുവുമായ ശ്രീനാരായണ ഗുരുവിന് സമാനമായി മറ്റൊരാളെ കണ്ടെത്താനായില്ലെന്ന ടാഗോറിന്റെ വാക്കുകളാണ് 170-ാമത് ഗുരുജയന്തി ആഘോഷവേളയിൽ പ്രസക്തമാകുന്നത്. ഗുരുവിന്റെ പാദസ്പർശത്താലും സാന്നിദ്ധ്യത്താലും അനുഗൃഹീതമായ ഒട്ടേറെ ഇടങ്ങളുണ്ട്. യാത്ര ഇഷ്ടപ്പെട്ടിരുന്ന ഗുരു കേരളത്തിലുടനീളം സഞ്ചരിക്കുന്നതിനിടെ ഗുരുവിന് ആതിഥ്യമരുളുകയും ആ അനുഗ്രഹവർഷം ചൊരിയാൻ ഇടമാകുകയും ചെയ്ത ഒട്ടേറെ ഭവനങ്ങളുമുണ്ട്. അത്തരത്തിൽ ഗുരുചൈതന്യം അനുഭവിച്ചറിയാൻ അസാധാരണമായ ഭാഗ്യം സിദ്ധിച്ചൊരിടമാണ് കൊല്ലം തങ്കശ്ശേരിക്ക് സമീപം കാവൽ ജംഗ്ഷനിലെ പുരാതന തറവാടായ 'തൊടിയിൽ' വീട്. ഗുരുവിന്റെ സാന്നിദ്ധ്യം ഒട്ടേറെ തവണ അനുഭവിച്ചറിഞ്ഞ തൊടിയിൽ വീടിന്റെ പൂമുഖം കടക്കുമ്പോൾ തന്നെ ആ ചൈതന്യം അനുഭവവേദ്യമാകും. ആധുനികതയെ വെല്ലുന്ന പുരാതന വാസ്തുവൈദഗ്ധ്യത്തിന്റെ ഒളിമങ്ങാത്ത പ്രഭ ചൊരിഞ്ഞ് ഇന്നും വേറിട്ട ദൃശ്യാനുഭവം അടുത്തറിയാം. യാത്രകൾക്കിടെ കൊല്ലത്തെത്തുന്ന ഗുരുവിന് അക്കാലത്ത് ആതിഥ്യമരുളിയിരുന്നത് ഈ ഭവനമാണ്. ഗുരു താമസിച്ച രണ്ടാം നിലയിലെ വിശാലമായ മുറിയും കട്ടിലും ചാരുകസേരയുമെല്ലാം ഓർമ്മകളുടെ ചരിത്ര ശേഷിപ്പുകളായി ഇപ്പോഴും സംരക്ഷിക്കുന്നു.
കൊല്ലത്തെ പ്രമുഖ വ്യവസായിയും ഈഴവ പ്രമാണിയും തികഞ്ഞ ഗുരുഭക്തനുമായിരുന്ന ശങ്കരൻ ചാന്നാരായിരുന്നു തറവാട്ട് കാരണവർ. 150 വർഷം മുമ്പ് കാലത്തെ വെല്ലുന്ന വാസ്തുശാസ്ത്ര പൊലിമയോടെ ഈ വീട് നിർമ്മിച്ചത് അദ്ദേഹമാണ്. കൊല്ലത്തെത്തിയാൽ ഗുരുവിനെ ശങ്കരൻ ചാന്നാർ ഇവിടേക്ക് ക്ഷണിച്ചാനയിക്കും. ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് കൊല്ലം റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങുന്ന ഗുരുവിനെ സൈക്കിൾ റിക്ഷയിലാണ് തൊടിയിൽ വീട്ടിൽ എത്തിച്ചിരുന്നത്. ഗുരുവിനെ സ്വീകരിച്ച് വീട്ടിലെത്തിക്കുന്ന ചുമതല കാര്യസ്ഥൻ മത്തായിക്കായിരുന്നു. ഇവിടെ താമസിക്കുന്ന ഗുരുവിനെ ദർശിക്കാനും ആ വാക്കുകൾ ശ്രവിക്കാനും ഭക്ത്യാദരവോടെ പരിസരവാസികളും എത്തുമായിരുന്നു. ചിലപ്പോൾ ഏതാനും അനുയായികളുമായിട്ടാകും ഗുരുവിന്റെ വരവ്. ഗുരു എത്തിയ വാർത്തയറിഞ്ഞാൽ തദ്ദേശവാസികൾ അനുഗ്രഹം തേടിയെത്തും. മൂന്ന് തലമുറകൾക്ക് മുമ്പേ നടന്ന കാര്യങ്ങളൊക്കെ പൂർവ്വികർ പറഞ്ഞുകേട്ട അറിവ് മാത്രമാണ് ഇപ്പോൾ ഇവിടെ താമസിക്കുന്ന ഗൃഹനാഥയായ ചന്ദ്രലേഖയ്ക്കുള്ളത്. ആ അറിവുകൾ അവർ പുതുതലമുറയ്ക്ക് അക്ഷയഖനിപോലെ പകർന്നേകുന്നു. ശങ്കരൻ ചാന്നാർ- കുഞ്ഞുപെണ്ണമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഒരാളായ ജാനകിയുടെ മകളാണ് ശാന്ത എന്ന് വിളിപ്പേരുള്ള ചന്ദ്രലേഖ. ഗുരു താമസിച്ച മുറിയും ഉപയോഗിച്ച കട്ടിലും ചാരുകസേരയുമൊക്കെ അതേപോലെ പരിപാലിച്ച് സംരക്ഷിക്കുന്നത് ചന്ദ്രലേഖയും തൊട്ടടുത്ത് താമസിക്കുന്ന ചന്ദ്രലേഖയുടെ സഹോദരൻ രാജേന്ദ്രനുമാണ്. ചന്ദ്രലേഖയുടെ മക്കളായ അർജുനും വിഷ്ണുവും കുടുംബ സമേതം യു.എസിലാണ്.
'എപ്പോഴും ഉറങ്ങാനാവില്ലല്ലോ....'
ഗുരു അക്കാലത്ത് തൊടിയിൽ വീട്ടിൽ താമസിച്ചതിന്റെ ചില ഓർമ്മകൾ ഇങ്ങനെയാണ്: നല്ല ചൂടുള്ള പകൽ. ഗുരു മുകൾ നിലയിലെ മുറിയിൽ വിശ്രമിക്കുന്നു. അന്ന് വൈദ്യുതി എത്തിയിട്ടില്ല. കട്ടിലിന്റെ മേലാപ്പിൽ സ്ഥാപിച്ച വിശറിയുടെ ചരട് താഴത്തെ മുറിയിലിരിക്കുന്ന ശങ്കരൻ ചാന്നാരുടെ കൈയ്യിലാണ്. ചരടിൽ വലിച്ച് ഇടമുറിയാതെ വീശുമ്പോൾ ലഭിക്കുന്ന കാറ്റേറ്റാകും ഗുരു വിശ്രമിക്കുക. ചാന്നാർ ഇടയ്ക്കെപ്പോഴോ ഒന്ന് മയങ്ങിപ്പോയി. ഞെട്ടിയുണർന്നപ്പോഴാണോർത്തത്, ഗുരു ഉഷ്ണത്താൽ വിയർത്ത് വശംകെട്ടിട്ടുണ്ടാകുമെന്ന്. കുറ്റബോധത്തോടെ മുകളിലെ മുറിയിലേക്കോടിയ അദ്ദേഹം കണ്ടത് ശൂന്യമായ മുറിയാണ്. വീടിനു പുറത്തും ഗുരുവിനെ കണ്ടെത്താനായില്ല. ആകെ വിഷമിച്ച് നിൽക്കുമ്പോൾ പുറത്തു നിന്ന് വലിയ ഗേറ്റ് കടന്നുവന്ന ഗുരു ചാന്നാരോട് മൊഴിഞ്ഞു, 'നമുക്ക് എപ്പോഴും ഉറങ്ങാനാവില്ലല്ലോ.... മറ്റൊരു സംഭവം ഇങ്ങനെ: തങ്കശ്ശേരി ഭാഗത്തുള്ള കടൽതീരത്തെ സർപ്പക്കുഴി എന്ന ഭാഗം കാണമെന്ന് ഗുരു ആഗ്രഹം പ്രകടിപ്പിച്ചു. കാര്യസ്ഥൻ മത്തായിക്കൊപ്പമാണ് ഗുരു അവിടെ എത്തിയത്. അവിടെ വച്ച് ഗുരുവിനെ കാണാതാവുകയും പിന്നീട് വീട്ടിലെത്തിയ മത്തായി ഗുരു, മുകൾ നിലയിലെ കോലായിൽ നിന്ന് പുഞ്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. തൊടിയിൽ വീടിന് ഗുരുവിന്റെ ദൈവീക പരിവേഷത്തെക്കുറിച്ച് ഇങ്ങനെ പുതുതലമുറയോട് അരുളിച്ചെയ്യാൻ ഒട്ടേറെ അപദാനങ്ങളുണ്ട്. ഒരുദിവസം ഗുരുവുമായി സംസാരിച്ചിരിക്കെയാണ് തൊടിയിൽ തറവാടിന്റെ പിന്നിലെ വിശാലമായ വയൽ ഗുരു ശ്രദ്ധച്ചത്. 'അവിടെ ഒരു ക്ഷേത്രത്തിന് അനുയോജ്യമായ സ്ഥലമാണല്ലോ' എന്ന ഗുരുവിന്റെ വാക്കുകൾ ശങ്കരൻ ശിരസാ വഹിച്ചു. പിന്നീട് വയലിന്റെ മദ്ധ്യത്തായി കുടുംബ ക്ഷേത്രം ഉയർന്നു. കോത്തലവയൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നറിയപ്പെടുന്ന ക്ഷേത്രം അങ്ങനെയുണ്ടായതാണ് . 1928 സെപ്തംബർ 21 ന് (1104 കന്നി 5) ഗുരു സമാധിയാകുന്നതിന് ഒരുമാസം മുമ്പാണ് തൊടിയിൽ വീട്ടിൽ അവസാനമായി വന്നത്. പാട്ടും കഥപറച്ചിലും ഒക്കെയായി ഇവിടെ താമസിച്ച ഗുരുവിനെ കാണാൻ നിരവധിപേർ ഭക്ത്യാദരവോടെ എത്തുമായിരുന്നു.
കൊല്ലത്തെ പേരെടുത്ത ജന്മിയായിരുന്ന ശങ്കരന് അബ്കാരി ബിസിനസായിരുന്നു തൊഴിൽ. ഒരുനാൾ ശങ്കരനോട് ഗുരു പറഞ്ഞു. 'ആ തൊഴിൽ നമുക്ക് ചേർന്നതല്ല' ഗുരുവരുൾ ഉൾക്കൊണ്ട് ശങ്കരൻ അബ്കാരി ബിസിനസ് ഉപേക്ഷിച്ച് ഓട് വ്യവസായത്തിലേക്കിറങ്ങി. കൊല്ലം താമരക്കുളത്ത് ശ്രീ നാരായണ വിലാസം ടൈൽ ഫാക്ടറി തുടങ്ങിയത് അങ്ങനെയാണ്. ഗുരുവാണ് ദീപം തെളിച്ചത്. എസ്.എൻ.വി ടൈൽ അതിവേഗം വളർച്ച പ്രാപിക്കുകയും അവിടെ നിർമ്മിക്കുന്ന മേച്ചിലോടിനും തറയോടിനും നാട്ടിൽ പ്രിയമേറുകയും ചെയ്തു. ശങ്കരൻ ചാന്നാർ ദിവംഗതനായിട്ട് 77 വർഷമാകുന്നു. പഴയകാല പ്രൗഢിയും ചാരുതയും ഒട്ടും ചോർന്നു പോകാതെ മൂന്നാം തലമുറയിൽ പെട്ട ചന്ദ്രലേഖ തൊടിയിൽ തറവാടിനെ സംരക്ഷിക്കുകയാണ്.
ചരിത്ര സ്മാരകമാക്കണം
കൊല്ലത്തെ തൊടിയിൽ തറവാട് വിശ്വഗുരുവിന് പലതവണ ആതിഥ്യമരുളിയ പുണ്യഗേഹമെന്ന നിലയിൽ എക്കാലവും അറിയപ്പെടേണ്ട ചരിത്രസ്മാരകമാകണെന്നതിൽ തർക്കമില്ല. പുതിയകാലത്തും മങ്ങലേൽക്കാതെ ഗതകാലപ്രൗഢിയോടെ നിൽക്കുന്ന തൊടിയിൽ വീട് ആധുനിക നിർമ്മാണ രീതിയെയും വെല്ലുന്ന ആർക്കിടെക്ച്ചറിന്റെ കൂടി ഉത്തമോദാഹരണമാണ്. ഈ ഭവനത്തിന്റെ പ്രത്യേകതകൾ കാണാനും നിർമ്മാണ വൈദഗ്ധ്യത്തെക്കുറിച്ച് പഠിക്കാനുമായി നിരവധി ആർക്കിടെക്ച്ചർ വിദ്യാർത്ഥികളും ഇവിടേക്കെത്തുന്നുണ്ടെന്ന് ഗൃഹനാഥയായ ചന്ദ്രലേഖ പറഞ്ഞു. ഗുരുവിന്റെ സാന്നിദ്ധ്യത്താൽ പവിത്രമായ ഭവനത്തിന്റെ പ്രത്യേകതകൾ കേട്ടറിഞ്ഞ് എത്തുന്നവരുമുണ്ട്. ഒരു നൂറ്റാണ്ടിനപ്പുറത്തെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ വർത്തമാനകാല സ്മാരകമായ തൊടിയിൽ വീട് ചരിത്ര സ്മാരകമാക്കണമെന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ശ്രീനാരായണ ദർശനങ്ങൾ ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന അമൂല്യ ദർശനങ്ങളാണെന്ന തിരിച്ചറിവ് ആധുനികലോകത്തിനുണ്ട്.
ഗുരുവിന്റെ തലോടലാൽ പവിത്രമായ തറവാടിന്റെ പ്രാധാന്യവും അനന്തര തലമുറയ്ക്ക് വെളിച്ചമേകാൻ കഴിയും വിധം ചരിത്ര പൈതൃകമാക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.