pic

ടെൽ അവീവ്: ഗാസയിൽ ആക്രമണം തുടരുന്നതിനിടെ ഇസ്രയേലിലെ ടെൽ അവീവിൽ ചാവേർ സ്‌ഫോടനം നടത്തി ഹമാസും പാലസ്തീനിയൻ ഇസ്ലാമിക് ജിഹാദും. ഞായറാഴ്ച രാത്രി വൈകി ഒരു സിനഗോഗിന് സമീപത്ത് വച്ച് ബാഗിൽ ബോംബുമായി നീങ്ങിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. റോഡിലുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റു. ജനത്തിരക്ക് ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അക്രമി ലക്ഷ്യ സ്ഥാനത്തെത്തും മുന്നേ ബോംബ് പൊട്ടിത്തെറിച്ചെന്നാണ് നിഗമനം.

സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേൽ പൊലീസ് സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹമാസും ഇസ്ലാമിക് ജിഹാദും ഇന്നലെ രംഗത്തെത്തുകയായിരുന്നു. ഇസ്രയേലി നഗരങ്ങളിൽ വരും ദിവസങ്ങളിൽ ബോംബാക്രമണങ്ങൾ നടത്തുമെന്ന് മുന്നറിയിപ്പും നൽകി.

വെടിനിറുത്തൽ ശ്രമങ്ങളുടെ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടെൽ അവീവിൽ എത്തി ഒരു മണിക്കൂർ കഴിഞ്ഞായിരുന്നു സ്ഫോടനം. അതിനിടെ, ഗാസയിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 40,130 കടന്നു. ഇന്നലെ മാത്രം 40 ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

 മുന്നറിയിപ്പുമായി ബ്ലിങ്കൻ

ഖത്തറിലെ ദോഹയിൽ തുടങ്ങിയ വെടിനിറുത്തൽ ചർച്ച ഗാസ യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള അവസാന മാർഗ്ഗമാണെന്ന് മുന്നറിയിപ്പ് നൽകി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. വ്യാഴാഴ്ച തുടങ്ങിയ ചർച്ച താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.

ഈ ആഴ്ച പുനരാരംഭിക്കുമെങ്കിലും ഹമാസിന്റെയും ഇസ്രയേലിന്റെയും ഭാഗത്ത് നിന്ന് വിട്ടുവീഴ്ചയില്ലാത്തത് യു.എസ് അടക്കമുള്ള മദ്ധ്യസ്ഥ രാജ്യങ്ങളെ ആശങ്കയിലാഴ്‌ത്തുന്നു. ഇന്നലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബ്ലിങ്കൻ ചർച്ച നടത്തി. വെടിനിറുത്തലിനുള്ള ശ്രമങ്ങൾക്ക് ഹമാസ് തുരങ്കംവ‌യ്‌ക്കുന്നതായി നെതന്യാഹു കുറ്റപ്പെടുത്തി.