ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) അനുബന്ധമാണ് റോബോട്ടിക്സ്. ഉത്പാദന മേഖലകൾ, ആരോഗ്യം, കൃഷി, ലോജിസ്റ്റിക്സ്, പ്രതിരോധം, എന്റർടെയ്‌ൻമെന്റ് തുടങ്ങി സർവരംഗത്തും അതത് മേഖലകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത റോബോട്ടുകൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ ഹബ് ആകാനാണ് കേരളം ലക്ഷ്യമിടുന്നത്. റോബോട്ടുകളുടെ ഡിസൈൻ, നിർമ്മാണം എന്നിവയ്ക്കു പുറമേ, അവയുടെ വിന്യാസവും സാങ്കേതികവിദ്യയുമെല്ലാം ഇതിൽ ഉൾപ്പെടും. ഇതിനു മുന്നോടിയായി ആഗസ്റ്റ് 23-ന് കൊച്ചിയിൽ ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ഏകദിന സമ്മേളനം, ഈ മേഖലയുമായി ബന്ധപ്പെട്ട ആദ്യ ഒത്തുചേരലാകും.
അത്യാധുനിക സാങ്കേതികവിദ്യയുടെ 'ഇഷ്ട ഡെസ്റ്റിനേഷൻ' ആയി സംസ്ഥാനത്തെ അവതരിപ്പിക്കുന്നതിൽ മികച്ച മുന്നേറ്റമാണ് സംസ്ഥാനം കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തുന്നത്. ഈ ഗുണപരമായ മാറ്റത്തിന് ചാലകശക്തിയായി വർത്തിച്ചത് പുതിയ വ്യവസായ നയമായിരുന്നു. സർക്കാരും നൂതന സാങ്കേതികവിദ്യാ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വ്യക്തമായ കാഴ്ചപ്പാടോടെയുള്ള പ്രവർത്തനങ്ങളാണ് വ്യവസായ, വാണിജ്യ വകുപ്പ് കൈക്കൊണ്ടത്. ഈ പ്രവർത്തനങ്ങളുടെ സമഗ്രമായ ഒത്തുചേരലാകും അടുത്ത വർഷം ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ്.
ജെൻ എ.ഐയുടെ
തുടർക്കഥ
ഐ.ബി.എമ്മുമായി ചേർന്ന് ഇക്കഴിഞ്ഞ ജൂലായിൽ കൊച്ചിയിൽ നടത്തിയ ജെനറേറ്റീവ് എ.ഐ അന്താരാഷ്ട്ര കോൺഫറൻസ് ഈ പ്രവർത്തന പരമ്പരയുടെ ആദ്യപടിയായിരുന്നു. വ്യവസായ നേതൃനിര, പ്രൊഫഷണലുകൾ, നയകർത്താക്കൾ എന്നിവർക്കിടയിൽ മികച്ച അവബോധം സൃഷ്ടിക്കാനും ഇൻഡസ്ട്രി 4.0-യിലേക്ക് മികച്ച സംഭാവനകൾ നൽകാനും ഇതിലൂടെ സാധിച്ചു. ഇതിന്റെ തുടർച്ചയായി സംസ്ഥാനത്തെ സംരംഭകരെ ഒന്നിച്ചു ചേർത്ത് നടത്തിയ ഏകദിന സമ്മേളനവും ശ്രദ്ധയാകർഷിച്ചു. 12,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ സംരംഭകർ സംസ്ഥാനത്ത് നടത്തുന്നത്.
റോബോട്ടിക്സ് മേഖലയിൽ നിന്ന് ഇന്ത്യ ഈ വർഷം മാത്രം 531.10 ദശലക്ഷം ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2028 വരെ ഈ മേഖലയിൽ 12.18 ശതമാനം വളർച്ചാ നിരക്ക് റോബോട്ടിക്സിൽ രാജ്യം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം 841.10 ദശലക്ഷം ഡോളറാണ്. ലോകത്തിൽ റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ നിരയിൽ ആദ്യ പത്തിൽ ഇന്ത്യയുണ്ട്. വാഹന നിർമ്മാണ മേഖലയിലാണ് രാജ്യത്ത് റോബോട്ടിക്സ് സാങ്കേതികവിദ്യ ഏറ്രവും അധികം ഉപയോഗിക്കുന്നത്. ലോഹം, റബ്ബർ, ഇലക്ട്രോണിക്സ് വ്യവസായങ്ങളിലും റോബോട്ടിക്സിന് ഗണ്യമായ സാന്നിദ്ധ്യമുണ്ട്. ഇത്തരം അനുകൂല സാഹചര്യങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താനാണ് കേരളം തയ്യാറെടുക്കുന്നത്.
കേരളത്തിന്റെ
വിജയഗാഥ
റോബോട്ടിക്സ് സാങ്കേതികവിദ്യയുടെ ശേഷി പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ആരോഗ്യമേഖല, കൃഷി, വ്യവസായ ഓട്ടോമേഷൻ എന്നീ മേഖലകളിൽ റോബോട്ടിക്സിനെ വ്യാപകമായി സംയോജിപ്പിച്ചിട്ടുണ്ട്. പുത്തൻ വ്യവസായ നയത്തിൽ 22 മുൻഗണനാ മേഖലകളിലൊന്നായി റോബോട്ടിക്സിനെ കേരളം ഉൾപ്പെടുത്തിയിരിക്കുന്നു. ഇതുവഴി എ.ഐ, റോബോട്ടിക്സ് എന്നിവയ്ക്ക് വിവിധ ഇളവുകളും ധനസഹായവും ലഭിക്കും. കേരളത്തിൽ നിന്നുള്ള പ്രമുഖ സംരംഭമായ ശസ്ത്ര റോബോട്ടിക്സ് യു.കെ, യു.എസ് എന്നിവിടങ്ങളിലേക്ക് 160 റോബോട്ടുകളെയാണ് കയറ്റുമതി ചെയ്തത്.
കേരള സ്റ്റാർട്ടപ്പ് മിഷൻ കൈപിടിച്ചുയർത്തിയ ജെൻ റോബോട്ടിക്സ് അന്താരാഷ്ട്ര തലത്തിലെത്തിച്ചത് കേരളത്തിന്റെ കൂടി വിജയഗാഥയാണ്. മാലിന്യക്കുഴലുകൾ വൃത്തിയാക്കുന്ന 'ബാൻഡിക്യൂട്ട്' എന്ന റോബോട്ടിലൂടെ സാമൂഹ്യപ്രസക്തിയും നൂതനത്വവും സംയോജിപ്പിച്ച് അവതരിപ്പിച്ച ഉത്പന്നം ഇന്ന് ആഗോളപ്രശസ്തമാണ്. ഇതിനു പുറമേ. എ.ഐ ഏരിയൽ ഡൈനാമിക്സ്, അസിമോവ് റോബോട്ടിക്സ്, ഐറോവ്, ഡെക്സ് ലോക്ക്, ട്രിയാസിക് സൊല്യൂഷൻസ് എന്നിവയും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നൂതനത്വത്തെയും സ്റ്റാർട്ടപ്പുകളെയും കൈപിടിച്ചുയർത്താനുള്ള സംസ്ഥാനത്തിന്റെ ഉദ്യമങ്ങൾ ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം.
റോബോട്ടിക്സ് മേഖലയെ പരിപോഷിപ്പിക്കാൻ സംസ്ഥാന സർക്കാർ എന്തെല്ലാം പ്രോത്സാഹനം നൽകിയെന്നതിനപ്പുറം, ഈ മേഖലയിലുള്ളവർ സർക്കാരിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കുന്നു എന്നതിന്റെ ചർച്ച കൂടിയാകും കൊച്ചിയിൽ നടക്കാനിരിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിൾ. ഈ ദിശയിൽ സർക്കാരിന് തുറന്ന സമീപനമാണുള്ളത്. സർക്കാരിനും വ്യവസായ സമൂഹത്തിനും ഒരുപോലെ ഗുണകരമാകുന്ന ഇത് സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും ഗുണപരമായ പരിണാമം സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുമെന്ന് തീർച്ചയാണ്.