ന്യൂഡല്‍ഹി: അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ വാഹന വിപണിയുടെ കാര്യത്തിലേക്ക് വന്നാല്‍ ഈ പറഞ്ഞ കാര്യവുമായി യാഥാര്‍ത്ഥ്യത്തിന് ബന്ധമുണ്ടോയെന്ന് സംശയിക്കേണ്ടിവരും. ലോകത്ത് വാഹന വിപണി അനുദിനം വളര്‍ച്ച കൈവരിക്കുകയാണെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യ വളരെ പിന്നിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് ആയിരം പേരുടെ കാര്യമെടുത്താല്‍ അതില്‍ വെറും 33 പേര്‍ക്ക് മാത്രമാണ് സ്വന്തമായി വാഹനമുള്ളതെന്നാണ് കണക്കുകള്‍.
വാഹന ഉടമകളുടെ അനുപാദ കണക്ക് പരിശോധിച്ചാല്‍ മുന്നില്‍ ന്യൂസിലാന്‍ഡ് ആണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ആയിരത്തില്‍ 869 പേര്‍ രാജ്യത്ത് വാഹന ഉടമകളാണ്. പട്ടികയില്‍ അമേരിക്കയെ പിന്തള്ളിയാണ് രാജ്യം ഒന്നാമത് എത്തിയിരിക്കുന്നത്. 860 വാഹന ഉടമകളുമായി അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്. ആയിരം പേരുടെ കണക്ക് പരിശോധിച്ചാല്‍ കാനഡ-707, യുകെ- 632, ജര്‍മനി 627, ജപ്പാന്‍, 612, റഷ്യ-389, ചൈന -223 എന്നിങ്ങനെയാണ് മുന്‍നിരയിലുള്ള മറ്റ് രാജ്യങ്ങളുടെ കണക്ക്.
ജനസംഖ്യയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ഇന്ത്യയും ചൈനയും കണക്കുകളില്‍ വളരെ പിന്നിലായിപ്പോയത് വളര്‍ച്ച മുരടിക്കുന്നതിന്റെ സൂചനയാണോയെന്നും സംശയം ഉയരുന്നുണ്ട്. അതേസമയം സ്വന്തമായി വാഹനങ്ങള്‍ ഉള്ളവരുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്ന രാജ്യങ്ങളില്‍ ആളുകള്‍ പൊതുഗതാഗതം ഉപയോഗിക്കുന്നതിനേക്കാള്‍ താത്പര്യം പ്രകടിപ്പിക്കുന്നത് സ്വന്തം വാഹനം ഉപയോഗിക്കാനാണെന്ന ഒരു സ്ഥിതികൂടി നിലനില്‍ക്കുന്നു.