kerala
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട വര്‍ക് ഷോപ്പ് ഉടമകളെ പ്രതിസന്ധിയിലാക്കി ലൈസന്‍സ് പുതുക്കുന്നതിനുള്ള പുതിയ കടമ്പകളും നിബന്ധനകളും.സാധാരണഗതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് മുമ്പ് ലൈസന്‍സ് പുതുക്കി അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് ഭേദഗതി ചെയ്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി വേണമെന്നതാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്ന നിബന്ധന.

ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി ഉയര്‍ന്ന ഫീസും ഈടാക്കുന്നുണ്ട്. ഇതിന് പുറമേ ഫീല്‍ഡ് ഓഫീസറുടെ സന്ദര്‍ശനം, നടപടിക്രമങ്ങള്‍ എന്നിവ പാലിച്ച് സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്ത് ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് കാലതാമസമെടുക്കുന്നതാണ് വര്‍ക് ഷോപ്പ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നത്. ലൈസന്‍സ് പുതുക്കേണ്ട അവസാന തിയതി ജൂണ്‍ 30 ആയിരുന്നത് സെപ്റ്റംബര്‍ 30ലേക്ക് മാറ്റിയെങ്കിലും ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും പുതുക്കാനായിട്ടില്ല.

വര്‍ക് ഷോപ്പ് പ്രവര്‍ത്തിക്കുന്നത് സ്വന്തം ഭൂമിയിലാണെങ്കില്‍ സ്ഥലം, കെട്ടിടം, പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രങ്ങള്‍ എന്നിവയുടെ മൂല്യവും ചേര്‍ത്താണ് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനും, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ നിരക്ക് നിശ്ചയിക്കുന്നതും. വാടകക്കെട്ടിടത്തിലാണെങ്കില്‍ ഒരു വര്‍ഷത്തെ വാടകയുടെ അഞ്ചിരട്ടി കണക്കാക്കിയാകും ഫീസ് നല്‍കേണ്ടത്. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പണമടച്ചാലും ഫീല്‍ഡ് വിസിറ്റ്‌ന് കാലതാമസമെടുക്കുന്നുവെന്നാണ് പരാതി.

പരിശോധന നടത്തുന്ന സമയത്ത് കാണുന്ന പോരായ്മകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് പറഞ്ഞ് അത് പരിഹരിക്കുന്നതിനുള്ള സാവകാശം പോലും നല്‍കാതെ അപേക്ഷ തള്ളിയതിന്റെ കടലാസ് നല്‍കുമ്പോള്‍ കാര്യങ്ങള്‍ അതിലൂടെ മാത്രം അറിയിക്കുന്നുവെന്നും പരാതിയുണ്ട്. ഇത് സാധാരണക്കാരന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍ എല്ലാ നടപടിക്രമങ്ങളും ആദ്യം മുതല്‍ ആരംഭിക്കണം. സെപ്റ്റംബര്‍ 30ന് മുമ്പ് ഈ പറഞ്ഞ പ്രക്രിയകള്‍ പൂര്‍ത്തിയായില്ലെങ്കില്‍ സ്ഥാപനം അടച്ച് പൂട്ടേണ്ടിവരുന്ന സ്ഥിതിയിലാണ് നിരവധി ഉടമകള്‍.