തിരുവനന്തപുരം : മലയാള സിനിമാ രംഗത്തെകുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തു വിട്ടിരുന്നു. ലൈംഗികചൂഷണവും മയക്കുമരുന്ന് ഉപയോഗവും മാഫിയ വത്കരണവും തുടങ്ങി സിനിമാ രംഗത്തെ അനഭിലഷണീയ നടപടികളെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുണ്ട്.
താൻ അഭിനയിച്ച സിനിമയുടെ സെറ്റിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ഒരു നടി വെളിപ്പെടുത്തുന്ന ഭാഗങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ട്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വളരെ ഇന്റിമേറ്റ് ആയ രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ അറിയിച്ചിരുന്നതായും എന്നാൽ എത്ര നിർബന്ധിച്ചിട്ടും അതിൽ കൂടുതൽ വിശദാംശങ്ങൾ സംവിധായകൻ വെളിപ്പെടുത്താൻ തയ്യാറായില്ലെന്നും നടി പറയുന്നു.
തന്റെ സമ്മതമനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്ന് മാത്രമാണ് സംവിധായകൻ പറഞ്ഞത്. മൂന്ന് മാസത്തിനപ്പുറം സിനിമയ്ക്കും ഷൂട്ടിംഗിനുമുള്ള തയ്യാറെടുപ്പുകൾക്ക് ശേഷം ചിത്രത്തിൽ നഗ്നതയും ലിപ്‌ലോക്ക് ഉണ്ടാകുമെന്നും ശരീരഭാഗങ്ങളുടെ എക്‌സ്പോസ് ഉണ്ടാകുമെന്നും സംവിധായകൻ അറിയിച്ചു. ഒരു ചുംബന രംഗം ചെയ്യാനും ശരീരത്തിന്റെ പിൻഭാഗം തുറന്നു കാട്ടാനും താൻ നിർബന്ധിതയായി എന്നും നടി വെളിപ്പെടുത്തി. അടുത്ത ദിവസം നഗ്നദൃശ്യവും ഒരു ബാത്ത് ടബ് സീനും ചിത്രീകരിക്കുമെന്ന് സംവിധായകൻ താരത്തെ അറിയിച്ചതായും റിപ്പോർട്ടിൽ പറയപ്പെടുന്നു.
ഇതേതുടർന്ന് മൂന്നു മാസത്തെ പ്രതിഫലം പോലും വാങ്ങാതെ ആ സിനിമ ഉപേക്ഷിച്ചു. സംവിധായകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്ന് ആ സിനിമയിൽ തുടരാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെണ് കാണിച്ച് നടി സംവിധായകന് സന്ദേശം അയച്ചു. എന്നാൽ കൊച്ചിയിലേക്ക് നേരിട്ട് വരാതെ സിനിമയ്ക്കായി ചിത്രീകരിച്ച ഇന്റിമേറ്റ് സീനുകൾ ഡിലീറ്റ് ചെയ്യില്ലെന്ന് സംവിധായകൻ നടിയോട് പറഞ്ഞതായി റിപ്പോർട്ടിൽ ഉണ്ട്.