ഒരു വിമാനയാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാരണങ്ങളുണ്ട്. യാത്രയ്ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ മുതല്‍ ആരംഭിക്കുന്നതാണ് വിമാനയാത്രയുടെ പ്രക്രിയ. അതില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് സീറ്റ് തിരഞ്ഞെടുക്കല്‍. ഏത് സീറ്റ് വേണമെന്ന് യാത്രക്കാരന് തന്നെ തിരഞ്ഞെടുക്കാമെന്നത് വിമാനയാത്രകളിലെ ഒരു പ്രത്യേകതയാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ലഭ്യമായ സീറ്റുകളുടെ മാപ്പ് ലഭിക്കും.
ടോയ്‌ലെറ്റിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന സീറ്റ്, ലെഗ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഭൂരിഭാഗം യാത്രക്കാരും പരിഗണിക്കുന്നത്. വിമാനത്തില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ കഴിയുന്നത്ര മുന്‍വശത്തേക്കുള്ള സീറ്റായിരിക്കും തിരഞ്ഞെടുക്കുക. ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ തിരക്കില്‍ നിന്ന് രക്ഷപെട്ട് ആദ്യം ഇറങ്ങാം എന്നതാണ് അതിന് കാരണം. എന്നാല്‍ കൂടുതല്‍ ആളുകള്‍ ആവശ്യപ്പെടുന്നതും സുരക്ഷിതവുമായ സീറ്റ് വിമാനത്തിന്റെ ഏത് ഭാഗത്താണെന്ന് അറിയാമോ?
വ്യോമയാന മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത് അനുസരിച്ച് ഒരു വിമാനത്തിന്റെ ഏറ്റവും അവസാനത്തെ നിരയിലെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സീറ്റുകളാണ് കൂടുതല്‍ സുരക്ഷിതം. 1989ല്‍ നടന്ന ഒരു അപകടം ഈ അഭിപ്രായത്തെ സാധൂകരിക്കുന്നതാണ്. 269 യാത്രക്കാരില്‍ 184 പേര്‍ രക്ഷപ്പെട്ടിരുന്നു. ഇതില്‍ ഭൂരിഭാഗംപേരും ഫസ്റ്റ് ക്ലാസിന് പിന്നിലായി യാത്ര ചെയ്തിരുന്നവരാണ്. കഴിഞ്ഞ 35 വര്‍ഷമായി നടന്നിട്ടുള്ള വിവിധ വിമാന അപകടങ്ങളുടെ ഡാറ്റ പരിശോധിച്ചാലും ഒരു കാര്യം വ്യക്തമാണ്.
വിമാന അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മദ്ധ്യഭാഗത്തിന്റേയും പിന്‍ഭാഗത്തേയും സീറ്റുകളില്‍ യാത്ര ചെയ്തവരില്‍ മരണനിരക്ക് കുറവാണെന്നാണ് ഡാറ്റയില്‍ നിന്ന് വ്യക്തമാകുന്നത്.