ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ് പറയാറ്. വളരെ ചെറിയ പ്രായത്തിൽ തന്നെ അവരെ അത്യാവശ്യം എല്ലാം പഠിപ്പിക്കണമെന്ന് പറയുന്ന നിരവധി മാതാപിതാക്കളുണ്ട്. അതുകൊണ്ടുതന്നെ അടുക്കളയിലെ കൊച്ചു കൊച്ചു ജോലികളും, തുണി മടക്കിവയ്പ്പിക്കലുമൊക്കെ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നവരുമുണ്ട്.
അടുക്കളയിൽ അമ്മയെ സഹായിക്കുന്ന കുട്ടികളുടെ വീഡിയോകൾ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ മുത്തശ്ശിക്കൊപ്പം പാചകം ചെയ്യുന്ന ഒരു കൊച്ചുമിടുക്കന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുക്കീസ് ആണ് ഇരുവരും ചേർന്ന് ഉണ്ടാക്കുന്നത്.
കുക്കീസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകൾ മുത്തശ്ശിയെടുത്തുവയ്ക്കുകയാണ്. ഓരോന്ന് എടുത്തുവയ്ക്കുമ്പോഴും കുട്ടി അത് ശ്രദ്ധിക്കുന്നുണ്ട്. ശേഷം അക്ഷമനായി അത് ടേസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. വെണ്ണയും പഞ്ചസാരയും മുതൽ മുട്ട വരെയുള്ള ചേരുവകൾ അവൻ എടുത്ത് വായിൽ വയ്ക്കുകയാണ്. ഇതുതടുക്കാൻ ശ്രമിക്കുകയാണ് മുത്തശ്ശി.
വേണ്ടെന്ന് പറഞ്ഞിട്ട് കേൾക്കാതെ അവൻ വീണ്ടും ചേരുവകൾ എടുത്ത് വായിൽ വയ്ക്കുകയാണ്. ഒടുവിൽ പിടിച്ചുവാങ്ങുകയാണ് മുത്തശ്ശി. കാഴ്‌ചക്കാരെ ചിരിപ്പിക്കുന്നതാണ് വീഡിയോ. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. വളരെപ്പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. രണ്ടര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. രസകരമായ കമന്റുകളും വരുന്നുണ്ട്.