garlic

മുംബയ്: പാചകത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. നമ്മുടെ വീടുകളിലെ മിക്ക വിഭവങ്ങളിലും വെളുത്തുള്ളി ചേർക്കാറുണ്ട്. രുചിക്കും ദഹനത്തിനും ഇത് മികച്ചതാണ്. എന്നാൽ വില കുത്തനെ ഉയർന്നതിന് പിന്നാവെ വെളുത്തുള്ളിയിലെ വ്യാജൻമാർ വിപണിയിൽ എത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്.

മഹാരാഷ്ട്രയിൽ നിന്നാണ് ഒറിജിനലിനെ വെല്ലുന്ന വ്യാജ വെളുത്തുള്ളിയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. സിമന്റ് ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. തൂക്കം കൂട്ടാനാണ് വെളുത്തുള്ളിയിൽ സിമന്റ് ഉപയോഗിക്കുന്നത്. മഹാരാഷ്‌ട്രയിലെ അകോല ജില്ലയിൽ നിന്നുള്ള ദൃശ്യള്ളാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്.

അകോലയിലെ ബജോറിയ നഗറിൽ താമസിക്കുന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ സുഭാഷ് പാട്ടീലിന്റെ ഭാര്യയാണ് വ്യാജ വെളുത്തുള്ളി വാങ്ങി കബളിപ്പിക്കപ്പെട്ടത്. വഴിയോര കച്ചവടക്കാരനിൽ നിന്ന് 250 ഗ്രാം വെളുത്തുള്ളിയാണ് വീട്ടമ്മ വാങ്ങിയത്. വീട്ടിലെത്തി പൊളിച്ചുനോക്കിയപ്പോൾ തൊലി പൊളിയുന്നില്ല, നല്ല കട്ടിയും. തുടർന്ന് നടത്തിയ പരിശോധനയിലാണ് സിമന്റ് കൊണ്ടുണ്ടാക്കിയ വെളുത്തുള്ളിയാണെന്ന് മനസിലാക്കിയത്. ഇതിന് പുറത്തായി വെളുത്തുള്ളിക്ക് സമാനമായി വെള്ള പെയിന്റ് അടിച്ചിരുന്നു. നല്ല വെളുത്തുള്ളിയോടൊപ്പം ഇടകലർത്തിയാണ് വ്യാജന്മാരെ വിൽക്കുന്നത്. വ്യാജ വെളുത്തുള്ളി വിപണിയിലെത്തിയതായി നിരവധി ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

കേരള വിപണയിൽ ഒരു കിലോ വെളുത്തുള്ളിക്ക് 250 രൂപവരെയാണ് കിലോയ്ക്ക് വില. വടക്കേ ഇന്ത്യയിൽ നൂറ് രൂപയ്ക്ക് മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില.