പുരോഗതിയുടെ കാര്യത്തിൽ നമ്മുടെ രാജ്യം ഏറെ മുന്നോട്ട് പോയെങ്കിലും ഇവിടുത്തെ ജനങ്ങൾക്ക് തൃപ്‌തി വരാത്തതിന് കാരണം വികസിത രാജ്യങ്ങളിലെ സൗകര്യങ്ങളാണ്. അതിനാലാണ് ഭൂരിഭാഗം യുവാക്കളും ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നതും. ഇത്തരത്തിൽ ജീവിത നിലവാരം കൊണ്ടും സൗകര്യങ്ങൾ കൊണ്ടും യുവാക്കളെ ഏറെ ആകർഷിച്ച രാജ്യമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്ന അമേരിക്ക. എന്നാൽ, പുരോഗമനം കൊണ്ട് മറ്റുള്ളവരെ ആകർഷിക്കുമ്പോഴും ലക്ഷക്കണക്കിന് ശൈശവ വിവാഹങ്ങളാണ് യുഎസിൽ ഓരോ വർഷവും നടക്കുന്നത്. യുഎസിലെ മിക്ക സംസ്ഥാനങ്ങളിലും ശൈശവ വിവാഹം നിയമപരമായി തുടരുകയാണ്.
സാധാരണ ദക്ഷിണേഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലാണ് ശൈശവ വിവാഹം നമ്മൾ കൂടുതലും കേട്ടുവരുന്നത്. എന്നാൽ, യുഎസിലും ഇതൊരു ഗുരുതര പ്രശ്‌നമായി തുടരുകയാണ്. അൺചെയിൻഡ് അറ്റ് ലാസ്റ്റ് എന്ന ഒരു സംഘടന നടത്തിയ പഠനം അനുസരിച്ച്, 2000 മുതൽ 2018വരെ യുഎസിൽ 3,00,000ത്തലധികം കുട്ടികൾ വിവാഹിതരായിട്ടുണ്ട്. 2017ൽ യുഎസിലെ എല്ലാ സംസ്ഥാനങ്ങളിലും ശൈശവ വിവാഹം നിയമ വിധേയമായിരുന്നു. എന്നാൽ, ഡെലവെയറും ന്യൂജേഴ്‌സിയും 2018ൽ ഇത് നിരോധിച്ചു.
നിലവിൽ 50 സംസ്ഥാനങ്ങളിൽ 37ലും ശൈശവ വിവാഹം നിയമപരമായി തുടരുകയാണ്. പത്ത് വയസുള്ള കുട്ടികളെക്കൊണ്ട് വരെ വിവാഹം കഴിപ്പിക്കുകയാണ്. ഒരു കുട്ടി പ്രായപൂർത്തിയായതായി കണക്കാക്കുന്നത് 18 വയസിലാണ്. ഇവർക്ക് നിയമപരമായ അവകാശങ്ങൾ ലഭിക്കുന്നതും അപ്പോഴാണ്. അതിനാൽ, വിവാഹ ബന്ധത്തിൽ നിന്ന് മോചനം നേടണമെങ്കിൽ പോലും 18 വയസ് പൂർത്തിയാവണം. ഈ പ്രായത്തിനിടെ കുട്ടികൾ പല തരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമാകാൻ സാദ്ധ്യതയുണ്ട്.
ശൈശവ വിവാഹം നിയമവിധേയമാകാനുള്ള കാരണം?
യുഎസിലെ ഓരോ സംസ്ഥാനങ്ങളും പ്രത്യേകമായാണ് അവിടുത്തെ വിവാഹ പ്രായം തീരുമാനിക്കുന്നത്. 2024ലെ കണക്കനുസരിച്ച്, ഡെലവെയർ, ന്യൂജേഴ്‌സി, പെൻസിൽവാനിയ, മിനസോട്ട, റോഡ് ഐലൻഡ്, ന്യൂയോർക്ക്, മസാച്യുസെറ്റ്‌സ്, വെർമോണ്ട്, കണക്റ്റിക്കട്ട്, മിഷിഗൺ, വാഷിംഗ്ടൺ, വിർജീനിയ, ന്യൂ ഹാംഷെയർ എന്നിവയുൾപ്പെടെ 13 സംസ്ഥാനങ്ങൾ ശൈശവ വിവാഹം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കിയിട്ടുണ്ട്. ബാക്കിയുള്ള 37 സംസ്ഥാനങ്ങൾ ഇപ്പോഴും രക്ഷിതാക്കളുടെ അനുവാദം പോലുള്ള വ്യവസ്ഥകൾക്ക് വിധേയമായി ശൈശവ വിവാഹം അനുവദിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും പരമ്പരാഗതമായി പിന്തുടർന്ന് പോകുന്ന ആചാരം എന്ന പേരിലാണ് ശൈശവ വിവാഹം ഇപ്പോഴും നടക്കുന്നത്.
2000 - 2018 കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹം നടന്നത് ടെക്‌സസിലാണ് (41,774). കാലിഫോർണിയ (23,588), ഫ്ലോറിഡ (17,274), നെവാഡ (17,403), നോർത്ത് കരോലിന (12,637) എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഈ കാലയളവിൽ ഏറ്റവും കുറവ് ശൈശവ വിവാഹങ്ങൾ നടന്നത് റോഡ് ഐലൻഡിലാണ് (171).
'ഒരു സംസ്ഥാനം ശൈശവ വിവാഹം അവസാനിപ്പിക്കുമ്പോൾ തൊട്ടടുത്ത സംസ്ഥാനത്ത് ശൈശവ വിവാഹം നടക്കുകയാണ്. ദിനംപ്രതി ശൈശവ വിവാഹത്തിന്റെ എണ്ണം കൂടിവരികയാണ്. പെൺകുട്ടികളുടെ ഭാവി നശിപ്പിക്കുക മാത്രമല്ല, മനുഷ്യാവകാശ ദുരുപയോഗമാണ് ഇവിടെ നടക്കുന്നത്. സാമാന്യ ബോധം ഉപയോഗിച്ച് നിയമങ്ങൾ പുനർനിർമിക്കേണ്ടതുണ്ട് ', അൺചെയിൻഡ് അറ്റ് ലാസ്റ്റിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫ്രെയ്ഡി റെയ്സ് ന്യൂസ് വീക്കിനോട് പറഞ്ഞു.
ഇരകളെ എങ്ങനെ ബാധിക്കുന്നു?
ശൈശവ വിവാഹം ഇരകളിൽ ദീർഘകാല പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. ചെറുപ്പത്തിൽ വിവാഹം കഴിക്കുന്നത് നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകും. പ്രായപൂർത്തിയാകുന്നതുവരെ ഗാർഹികവും ലൈംഗികവുമായ അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വരുന്നു. യുഎസിൽ നടക്കുന്ന 86 ശതമാനം ശൈശവ വിവാഹങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ കൊണ്ടാണ് വിവാഹം കഴിപ്പിക്കുന്നത്.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നഷ്‌ടപ്പെടുന്നതിനും ഇത് കാരണമാകുന്നു. യുഎസിൽ, ശൈശവ വിവാഹത്തിനിരയായ പെൺകുട്ടികളിൽ പഠനം നിർത്താനുള്ള സാദ്ധ്യത 50 ശതമാനമാണ്. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ എണ്ണം വളരെ കുറവാണ്.
ശൈശവ വിവാഹം നിരോധിക്കുന്നതിന് യുഎസിലുടനീളം നിരവധി പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, പുരാതനമായ പാരമ്പര്യം സംരക്ഷിക്കണമെന്ന പേരിൽ നിരവധിപേർ ശൈശവ വിവാഹത്തെ അനുകൂലിക്കുന്നുണ്ട്.