ന്യൂഡൽഹി: കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന കൽക്കട്ട ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ എതിർപ്പ് രേഖപ്പെടുത്തി സുപ്രീംകോടതി. ലൈംഗികാതിക്രമക്കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു കോടതി നടപടി.
പോക്‌സോ കേസുകൾ അധികാരികൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നുള്ളത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതായി കേസ് പരിഗണിച്ച ജസ്റ്റിസുമാരായ അഭയ് എസ് ഒക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതികൾ എങ്ങനെ വിധിയെഴുതണം എന്നത് സംബന്ധിച്ചും നിർദേശങ്ങളുള്ളതായി ബെഞ്ചിനുവേണ്ടി വിധി പ്രസ്‌താവന നടത്തിയ ജസ്റ്റിസ് അഭയ് വ്യക്തമാക്കി.
കൽക്കട്ട ഹൈക്കോടതിയുടെ നിർദേശം ആക്ഷേപകരവും അനാവശ്യവുമാണെന്ന് സുപ്രീംകോടതി മുൻപും നിരീക്ഷിച്ചിരുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ പരിഗണിച്ച സുപ്രീം കോടതി സ്വന്തം നിലയിൽ ഒരു റിട്ട് ഹർജി ആരംഭിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഒക്ടോബർ 18ന് കൽക്കട്ട ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നടത്തിയ നിരീക്ഷണത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ലൈംഗികാതിക്രമക്കേസിൽ 20 വർഷം തടവിന് വിധിക്കപ്പെട്ട പ്രതി നൽകിയ അപ്പീൽ പരിഗണിക്കവേയായിരുന്നു കൽക്കട്ട ഹൈക്കോടതിയുടെ നിരീക്ഷണം. കേസിൽ യുവാവിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.
കൗമാരക്കാരായ പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണം. രണ്ട് മിനിട്ട് നേരത്തേക്കുള്ള ലൈംഗിക സുഖത്തിനായി വഴങ്ങിക്കൊടുക്കുമ്പോൾ സമൂഹത്തിന് മുന്നിൽ എല്ലാം നഷ്ടപ്പെട്ടവരാകുന്നത് അവരാണ്. തങ്ങളുടെ ശരീരത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കേണ്ടത് എല്ലാ കൗമാരക്കാരായ പെൺകുട്ടികളുടെയും കടമയാണ്. ഒരു പെൺകുട്ടിയുടെയോ സ്ത്രീയുടെയോ മേൽപ്പറഞ്ഞ കടമകളെ മാനിക്കുക എന്നത് ഒരു കൗമാരക്കാരനായ ആൺകുട്ടിയുടെ കടമയാണെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗികബന്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിനെ കോടതി കുറ്റവിമുക്തനാക്കിയത്.
അപ്രസക്തമായ പല വിഷയങ്ങളും ഹൈക്കോടതി ചർച്ച ചെയ്തതായി കാണുന്നുവെന്ന് കേസ് പരിഗണിച്ച സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യാ, ഇത്തരമൊരു അപ്പീലിൽ വിധിന്യായം എഴുതുമ്പോൾ, ജഡ്ജിമാർ അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പാടില്ല. അവർ പ്രസംഗിക്കാനും പാടില്ലെന്ന് കോടതി പറഞ്ഞു.