pic

ഇസ്ലാമാബാദ്: ബ്രിട്ടനിലെ ഓക്‌സ്‌ഫഡ് യൂണിവേഴ്സിറ്റിയുടെ ചാൻസലർ പദവിയ്‌ക്കായി അപേക്ഷ സമർപ്പിച്ച് ജയിലിൽ കഴിയുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അദ്ദേഹത്തിന്റെ തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയാണ് ഇക്കാര്യമറിയിച്ചത്. 2018 - 2022 കാലയളവിൽ പാക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ അഴിമതി,​ കലാപം തുടങ്ങിയ വിവിധ കേസുകളിൽപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. ഇമ്രാന്റെ അപേക്ഷയിൽ അധികൃതർ സൂഷ്മ പരിശോധന നടത്തുമെന്ന് പാർട്ടിയുടെ ലണ്ടൻ വക്താവ് സുൽഫിക്കർ ബുഖാരി പറഞ്ഞു. പദവി അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നതാണെന്നും പറഞ്ഞു. പത്ത് വർഷം കാലാവധിയുള്ള പദവിക്കായി അപേക്ഷിച്ചവരുടെ പട്ടിക ഒക്ടോബറിൽ പുറത്തുവിടും. ശേഷം വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. 1975ൽ ഓക്‌സ്ഫഡിലെ കീബിൾ കോളേജിൽ നിന്നാണ് ഇമ്രാൻ ബിരുദം നേടിയത്.