സംഭവത്തിൽ രക്ഷിതാക്കൾ റെയിൽ ഉപരോധം നടത്തി
താനെ: മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ 4 വയസുള്ള രണ്ട് നഴ്‌സറി വിദ്യാർത്ഥിനികളെ സ്കൂൾ ശുചിമുറിയിൽ വച്ച് സ്വീപ്പർ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ് പ്രിൻസിപ്പൽ,ക്ലാസ് ടീച്ചർ,വനിതാ അറ്റൻഡർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്‌കൂൾ അധികൃതർ അന്വേഷണ സമിതിക്ക് രൂപം നൽകി.
എന്നാൽ, കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതർ ഔദ്യോഗികമായി മാപ്പ് പറയാത്തതും ഇവരെ പ്രകോപിപ്പിക്കുന്നുണ്ട്. അതിനിടെ, ബദ്‌ലാപുർ റെയിൽവേ സ്റ്റേഷനിൽ രക്ഷിതാക്കളും ജനങ്ങളും ചേർന്ന് ആറ് മണിക്കൂർ റെയിൽവേ ഗതാഗതം തടസ്സപ്പെടുത്തി. ബദ്‌ലാപുർ - കല്യാൺ റെയിൽവേ പാതയിലാണ് ട്രെയിനുകൾ തടഞ്ഞത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ പ്രതിഷേധക്കാർ കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആഗസ്റ്റ് 12, 13 എന്നീ ദിവസങ്ങളിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. സ്‌കൂളിലെ 23കാരനായ ശുചീകരണ തൊഴിലാളി അക്ഷയ് ഷിൻഡെ പെൺകുട്ടികളുടെ ശുചിമുറിയിൽ വച്ച് നാല് വസയുള്ള രണ്ട് പെൺകുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. തുടർന്ന്, പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തത്. ഷിൻഡെയെ കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
പ്രത്യേക അന്വേഷണ സംഘം
സംഭവത്തിൽ, പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ അറിയിച്ചു. വളരെ ഗൗരവമായാണ് വിഷയം കാണുന്നത്. സ്കൂളിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ല. കൂടാതെ കേസിന്റെ വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ്.ഐ.ആർ
വൈകി
പ്രതി അക്ഷയ് ഷിൻഡെ ശനിയാഴ്ച അറസ്റ്റിലായെങ്കിലും,പരാതി നൽകി 12 മണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതെന്ന ആരോപണവുമായി പെൺകുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് വിഷയത്തിൽ ഇടപെട്ടതിന് ശേഷമാണ് പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാൻ തയാറായതെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു.
പുറത്തറിഞ്ഞത്
മുത്തച്ഛനിൽ നിന്ന്
ശുചിമുറിയിൽ വച്ച് ജീവനക്കാരൻ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച് പെൺകുട്ടികളിലൊരാൾ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ശുചിമുറിയിൽ പോയപ്പോൾ ഷിൻഡെ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതായും കുട്ടികൾ വെളിപ്പെടുത്തി. മകൾക്ക് സ്‌കൂളിൽ പോകാൻ ഭയമാണെന്ന് പീഡനത്തിനിരയായ ഒരു പെൺകുട്ടിയുടെ കുടുംബം തുറന്നുപറയുകയും ചെയ്തതോടെയാണ് രണ്ട് കുട്ടികളും നേരിട്ട ദുരനുഭവത്തെ കുറിച്ച് പുറംലോകം അറിയുന്നത്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ രണ്ട് പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കണ്ടെത്തുകയായിരുന്നു.