കൊൽക്കത്ത: ആർ.ജി.കാർ മെഡിക്കൽ ആശുപത്രിയിൽ പി.ജി ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം ഇന്നലെയും നടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ സമാന്തര ഒപി സജ്ജമാക്കിയുള്ള ഡോക്ടർമാരുടെ സമരം ഇന്നലെയും തുടർന്നു. അതേസമയം, ഡൽഹി ആർ.എം.എൽ ആശുപത്രി ഒമ്പത് ദിവസമായി നടത്തിവന്ന ഇന്നലെ അവസാനിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള റസിഡന്റ് ഡോക്ടർമാർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. കേസിൽ സുപ്രീം കോടതിയുടെ ഇടപെടലിനെ മറ്റ് റസിഡന്റ് ഡോക്ടർമാരുടെ സംഘടനകളും സ്വാഗതം ചെയ്തു.
അതിനിടെ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരേ പശ്ചിമബംഗാൾ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് പ്രിൻസിപ്പലിനെതിരേ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഒരുമാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സന്ദീപ് ഇന്ന് ലാൽ ബസാറിൽ ഹാജരാകാൻ കൊൽക്കത്ത പൊലീസ് നോട്ടീസ് അയച്ചു.
അതിനിടെ പശ്ചിമ ബംഗാൾ ആരോഗ്യവകുപ്പിന്റെ സ്വാസ്ഥ്യഭവനിലേക്ക് എ.ബി.വി.പി നടത്തിയ മാർച്ചിനിടെ പൊലീസുകാരും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. മമത ബാനർജി രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന (പോളിഗ്രാഫ് ടെസ്റ്റ്) ഇന്നലെ നടന്നില്ല. സി.ബി.ഐ ഇന്നലെ നുണ പരിശോധന നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ, പ്രതിയെ മനഃശാസ്ത്ര പരിശോധന നടത്തിയിരുന്നു. കേസിലെ പ്രതിയുടെ പങ്കാളിത്തം എത്രത്തോളമെന്ന് വ്യക്തമാകാൻ നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് സി.ബി.ഐ കരുതുന്നത്.
രാഷ്‌ട്രപതിയെ
കണ്ട് ഗവർണർ
ബംഗാളിൽ പ്രതിഷേധം കത്തിപ്പടരവെ ഗവർണർ സി.വി. ആനന്ദബോസ് ഡൽഹിയിലെത്തി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. സംസ്ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം ഗവർണർ രാഷ്‌ട്രപതയെ ധരിപ്പിച്ചെന്നാണ് സൂചന. ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകറുമായും ഗവർണർ കൂടിക്കാഴ്‌ച നടത്തി.